ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷിനെ മൂന്ന് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്ന്മന്ത്രി ബിന്ദു കൃഷ്ണ
കൊല്ലം: ഇറാനിൽ കുടുങ്ങിയ അക്ഷയ് ഹരീഷിനെ മൂന്ന് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്ന്മന്ത്രി ബിന്ദു കൃഷ്ണ. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അക്ഷയുമായി സംസാരിച്ചു. നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ കൈമാറും ഇറാനിലെ ബന്ദർ ലെംഗെ തുറമുഖത്ത് കുടുങ്ങിക്കിടക്കുന്ന കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് പുരോഗമിക്കുന്നു. കൊല്ലം എംഎൽഎയും മന്ത്രിയുമായ ബിന്ദു കൃഷ്ണ നടത്തിയ അടിയന്തര ഇടപെടൽ ഫലം കാണുന്നു. അക്ഷയ് ഹരീഷിന്റെ ദുരവസ്ഥ അറിഞ്ഞതിനെത്തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണ ബഹു. മുഖ്യമന്ത്രിയെയും, ബഹു. കേന്ദ്ര വിദേശകാര്യ മന്ത്രിയെയും, ബഹു. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയെയും, ഇറാനിലെ ഇന്ത്യൻ അംബാസഡറേയും, നോർക്കയ്ക്കും കത്തയച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അക്ഷയ് ഹരീഷുമായി സംസാരിക്കുകയും നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ രേഖകൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ അക്ഷയ് ഹരീഷിന് നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ യാത്രാരേഖകൾ കൈമാറുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇതോടെ യുവാവിന്റെ മടക്കയാത്രയ്ക്കുള്ള പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.യുവാവുമായി നേരിട്ട് സംസാരിച്ച് സാഹചര്യം വിലയിരുത്തുകയും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് ഇന്ത്യൻ എംബസി തലത്തിൽ നടപടികൾ സജീവമായതും ഉദ്യോഗസ്ഥർ അക്ഷയുമായി സംസാരിച്ചതും ആശ്വാസകരമായ പുരോഗതിയാണ്. മൂന്ന് ദിവസത്തിനുള്ളിൽ യാത്രാരേഖകൾ ലഭ്യമാകുന്നതോടെ അക്ഷയ് ഹരീഷിന് എത്രയും വേഗം നാട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊല്ലം പ്രാക്കുളം സ്വദേശിയായ അക്ഷയ് ഹരീഷ് (22)യാത്രാരേഖകളും പാസ്പോർട്ടും നഷ്ടപ്പെട്ട് കഴിഞ്ഞ 11 മാസമായി ഇറാനിൽ കുടുങ്ങിക്കിടക്കുകയാണ്.ദുബായിൽ ജോലി വാഗ്ദാനം ചെയ്താണ് ഏജന്റ് അക്ഷയിയെ കൊണ്ടുപോയതെങ്കിലും ഇറാൻ ആസ്ഥാനമായുള്ള ‘അലി ഷിപ്പിംഗ് കമ്പനി’യുടെ മറ്റൊരു കപ്പലിലാണ് വാച്ച് കീപ്പറായി ജോലി നൽകിയത് പാകിസ്ഥാൻ തുറമുഖത്ത് അരി എത്തിച്ച് മടങ്ങുന്നതിനിടെ വെരിഫിക്കേഷനായി നൽകിയ പാസ്പോർട്ട് അക്ഷയ്ക്ക് തിരികെ ലഭിച്ചില്ല. രേഖകൾ കപ്പലിലെ ക്യാപ്റ്റന്റെ കൈവശമുണ്ടാകുമെന്നാണ് കരുതിയതെങ്കിലും ഇറാനിൽ തിരിച്ചെത്തിയ ശേഷമാണ് പാസ്പോർട്ട് നഷ്ടപ്പെട്ട വിവരം അറിയുന്നത്ഇറാനിലെ ബന്ദർ ലെംഗെയിലുള്ള ഒരു ഹോട്ടലിലാണ് അക്ഷയ് ഇപ്പോൾ കഴിയുന്നത്. ഒപ്പമുണ്ടായിരുന്ന മ്യാൻമർ സ്വദേശികൾ എംബസി ഇടപെടൽ വഴി സ്വന്തം നാട്ടിലേക്ക് മടങ്ങിയെങ്കിലും ആവശ്യമായ രേഖകളില്ലാത്തതിനാൽ അക്ഷയ്ക്ക് മടങ്ങാനായില്ല.
—————