യു ഡിഎഫിനെ വെട്ടിലാക്കി കൊലപാതക കേസ് പ്രതിക്കോപ്പമുള്ള നേതാക്കളുടെ ചിത്രങ്ങൾ
കാസർഗോഡ് : യു ഡിഎഫിനെ വെട്ടിലാക്കി കൊലപാതക കേസ് പ്രതിക്കോപ്പമുള്ള നേതാക്കളുടെ ചിത്രങ്ങൾ. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കൊലപാതക കേസിലെ പ്രതിക്കൊപ്പം ഗൾഫിൽ ജ്വല്ലറി ഉദ്ഘാടന ചടങ്ങിൽ യുഡിഎഫ് നേതാക്കൾ പങ്കെടുക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത് . പ്രതിക്കൊപ്പം യുഡിഎഫ് നോതാക്കൾ സൗഹൃദം പങ്കിടുന്നതാണ് ചിത്രങ്ങളിൽ ഉള്ളത് കാസർകോട് മഞ്ചേശ്വരത്തെ അബൂബക്കർ സിദ്ദീഖ് കൊലപാതക കേസിലെ പതിമൂന്നാം പ്രതി അഹമ്മദ് റയീസിനൊപ്പം യുഡിഎഫ് നേതാക്കൾ നിൽക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് യുഡിഎഫ് എംഎൽഎമാരായ സന്ദീപ് വാര്യർ, എ കെ എം അഷറഫ്, മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡൻ്റ് എൻ എ നെല്ലിക്കുന്ന് എന്നിവർ പ്രതിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇവരുടെ ഗൾഫ് സന്ദർശനത്തിനിടയിലുള്ള ചിത്രങ്ങളാണിതെന്നാണ് വിലയിരുത്തൽ. ഗൾഫിൽ നടന്ന ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെയാണ് പൈവളിഗെ അമ്പിക്കാന സ്വദേശി അഹമ്മദ് റയീസ് മൂന്നുപേർക്കുമൊപ്പം സൗഹൃദസംഭാഷണം നടത്തുന്ന തരത്തിലുള്ള ചിത്രങ്ങൾ പ്രചരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളിയാണ് അഹമ്മദ് റയീസ് എന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 2022 ജൂൺ 26ന് കേരളത്തെ നടുക്കിയ അബൂബക്കർ സിദ്ദീഖ് കൊലപാതക കേസിലെ പ്രതിയാണ് ഇയാൾ . മുഗു റോഡിലെ അബൂബക്കർ സിദ്ദിഖിനെ 2022 ജൂൺ 26ന് കൊലപ്പെടുത്തിയ കേസിൽ പതിമൂന്നാം പ്രതിയാണ് അഹമ്മദ് റയീസ്.
സഹോദരനെ ബന്ദിയാക്കി ഗൾഫിൽ നിന്ന് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. മംഗലാപുരം വിമാനത്താവളത്തിൽ ഇറങ്ങിയ അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ട് പോയി പൈവളികെ നൂച്ചിയിലെ ഇരുനില വീട്ടിലും പിന്നീട് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലുമെത്തിച്ച് തലകീഴായി കെട്ടിത്തൂക്കി. ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചതായാണ് കേസ് റിപ്പോർട്ടുകൾ. കൊലപാതകത്തിനുശേഷം മൃതദേഹം ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു.
ചിത്രങ്ങൾ പുറത്തുവന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സന്ദീപ് വാരിയർ എം എൽ എ യും ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല.
—————