നിരക്കുകൾ പുതുക്കി നിശ്ചയിക്കണം: ഓട്ടോ ടാക്സി പണിമുടക്ക് 12ന്
തിരുവനന്തപുരം : സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാരുടെ നിത്യജീവിത യാത്രയ്ക്ക് ആശ്രയമായ ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ മേഖല ഇന്ന് കടുത്ത സാമ്പത്തിക തകർച്ചയെ അഭിമുഖീകരിക്കുകയാണ്. 8 ലക്ഷത്തിലധികം വരുന്ന തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഉപജീവനത്തിനായി ആശ്രയിക്കുന്ന ഈ പരമ്പരാഗത മേഖല സംരക്ഷിക്കണമെന്നും നിരക്കുകൾ അടിയന്തിരമായി പുതുക്കി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് ഓട്ടോ-ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നവംബർ 12-ന് സംസ്ഥാനവ്യാപകമായി 24 മണിക്കൂർ പണിമുടക്ക് സമരം നടത്തും. സി.ഐ.ടി.യു. എ.ഐ.ടി.യു.സി,എച്ച്.എം.എസ്, കെ.ടി.യു.സി തുടങ്ങിയ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് ഈ യോജിച്ച സമരം നടക്കുന്നത്.
സംസ്ഥാനത്ത് അവസാനമായി ഓട്ടോ നിരക്കുകൾ പുതുക്കിയത് 2022-ലാണ്. നിലവിൽ ഒന്നര കിലോമീറ്ററിന് മിനിമം 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിന് 15 രൂപയുമാണ് നിരക്ക്. എന്നാൽ നിലവിലെ വിലക്കയറ്റത്തിന് അനുസൃതമായി മിനിമം ചാർജ് ഒന്നര കിലോമീറ്ററിന് 50 രൂപയായും, തുടർന്നുള്ള കിലോമീറ്ററിന് 20 രൂപയായും ഉയർത്തണമെന്നാണ് സംയുക്ത സമരസമിതിയുടെ പ്രധാന ആവശ്യം. നിരക്ക് വർധനവുമായി ബന്ധപ്പെട്ട് 2026 ഫെബ്രുവരി 4-ന് അന്നത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആദ്യം നിവേദനം നൽകുകയും തുടർന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇതിൽ പ്രാഥമിക നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് 2026 ജൂൺ 2-ന് ഗതാഗത മന്ത്രിക്ക് വീണ്ടും നിവേദനം നൽകി. തുടർന്ന് 2026 സെപ്റ്റംബർ 29-ന് മറ്റ് ആവശ്യങ്ങൾ ചർച്ച ചെയ്യുവാൻ ട്രാൻസ്പോർട്ട് കമ്മീഷണർ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത ട്രേഡ് യൂണിയൻ നേതാക്കൾ ഈ വിഷയം ശക്തമായി ഉന്നയിച്ചു. നമ്മുടെ ആവശ്യം അടങ്ങിയ നിവേദനം അന്ന് തന്നെ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് രേഖാമൂലം കൈമാറുകയും ചെയ്തിരുന്നു.
എന്നാൽ തുടർച്ചയായി നിവേദനങ്ങൾ നൽകിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടികൾ ഉണ്ടാകാത്തതിനെത്തുടർന്നാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സമരത്തിലേക്ക് നീങ്ങാൻ സംഘടനകൾ നിർബന്ധിതരായത്. ഇതിന്റെ മുന്നോടിയായി നവംബർ 3-ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരത്ത് സംയുക്ത സമരപ്രഖ്യാപന കൺവെൻഷൻ നടന്നു. നവംബർ 11-ന് രാത്രി 12 മണി മുതൽ നവംബർ 12-ന് രാത്രി 12 മണിവരെയാണ് 24 മണിക്കൂർ സംസ്ഥാനവ്യാപക പണിമുടക്ക് നടക്കുന്നത്. സർക്കാരിന് പണിമുടക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഈ ആവശ്യങ്ങൾക്ക് അടിയന്തിര പരിഹാരമായില്ലെങ്കിൽ ശക്തമായ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുാ
പണിമുടക്ക് ദിവസമാണെങ്കിലും വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ ഓട്ടോകളിലും ലൈറ്റ് മോട്ടോർ വാഹനങ്ങളിലും സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ കൊണ്ടാക്കിയതിനു ശേഷം മാത്രമായിരിക്കും തൊഴിലാളികൾ പണിമുടക്കിൽ പങ്കുചേരുന്നത്.
അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ നഗരമേഖലയിൽ മിനിമം ചാർജ് 50 രൂപയും തുടർന്നുള്ള കിലോമീറ്ററിന് 25 രൂപയും, മലയോര മേഖലയിൽ മിനിമം ചാർജ് 60 രൂപയും തുടർന്നുള്ള കിലോമീറ്ററിന് 30 രൂപയുമായാണ് അടുത്തിടെ വർദ്ധിപ്പിച്ചത്. എന്നാൽ പെട്രോൾ, ഡീസൽ, സി.എൻ.ജി വിലയിലുണ്ടായ തുടർച്ചയായ വർദ്ധനവും സ്പെയർ പാർട്സുകളുടെ വിലയും അറ്റകുറ്റപ്പണി ചെലവും തൊഴിലാളികളുടെ നട്ടെല്ലൊടിക്കുകയാണ്. ഇതിനുപുറമേ ഇൻഷുറൻസ്, ഫിറ്റ്നസ് നിരക്കുകളിലെ വർദ്ധനവും സാമ്പത്തിക ഭാരം കൂട്ടുന്നു. ബാങ്ക് വായ്പയെടുത്ത് വാഹനം വാങ്ങിയ ഭൂരിഭാഗം പേർക്കും കൃത്യമായി തിരിച്ചടവ് നടത്താൻ സാധിക്കാതെ കടുത്ത കടക്കെണിയിലാകുന്ന അവസ്ഥയാണുള്ളത്.
ആധുനിക സാങ്കേതികവിദ്യയുടെ കടന്നുവരവും ഈ മേഖലയ്ക്ക് വലിയ ആഘാതമായിട്ടുണ്ട്. ഒല, യൂബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത സർവീസുകളുടെ കടന്നുവരവും ബൈക്ക് ടാക്സികൾ വ്യാപകമായതും പരമ്പരാഗത തൊഴിലാളികളുടെ സവാരികളുടെ എണ്ണം കുത്തനെ കുറച്ചു. ആപ്പ് അധിഷ്ഠിതമായി ഓടുന്ന തൊഴിലാളികൾക്കാകട്ടെ, കമ്പനികൾ നൽകിയിരുന്ന ഇൻസെന്റീവുകൾ വെട്ടിക്കുറയ്ക്കുകയും ഉയർന്ന കമ്മീഷൻ ഈടാക്കുകയും ചെയ്യുന്നത് വഴി വൻ നഷ്ടമാണ് ഉണ്ടാകുന്നത്. ഇതിനൊക്കെ പുറമേ പോലീസിന്റെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന അനാവശ്യ പിഴ ചുമത്തലും പെർമിറ്റ് സംബന്ധിച്ച സങ്കീർണ്ണതകളും തൊഴിലാളികളെ നിരന്തരം വേട്ടയാടുന്നു.
നഗരങ്ങളിലും പ്രധാന കവലകളിലും മതിയായ പാർക്കിംഗ് സൗകര്യങ്ങളോ അംഗീകൃത സ്റ്റാൻഡുകളോ ലഭ്യമല്ല. മണിക്കൂറുകളോളം നിരത്തിൽ കഴിയുന്ന തൊഴിലാളികൾക്ക്, പ്രത്യേകിച്ച് വനിതാ ഡ്രൈവർമാർക്ക്, അടിസ്ഥാനപരമായ ശുചിമുറി-വിശ്രമമുറി സൗകര്യങ്ങൾ പോലുമില്ലാത്തത് വലിയൊരു മനുഷ്യാവകാശ പ്രശ്നമായി തുടരുന്നു. പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് ഓട്ടോകളിലേക്ക് മാറാൻ തൊഴിലാളികൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഉയർന്ന പ്രാരംഭ ചെലവും ബാറ്ററി മാറ്റിസ്ഥാപിക്കുന്നതിനുള്ള ഭാരിച്ച തുകയും ആവശ്യത്തിന് ചാർജിംഗ് സ്റ്റേഷനുകൾ ഇല്ലാത്തതും വലിയ ആശങ്ക പടർത്തുന്നുണ്ട്.
സംസ്ഥാനത്തിന്റെ പൊതുഗതാഗത വ്യവസ്ഥയുടെ നട്ടെല്ലും സാധാരണക്കാരുടെ വിശ്വസ്ത ആശ്രയവുമായ ഓട്ടോ-ടാക്സി തൊഴിലാളികളുടെ ഈ ന്യായമായ ആവലാതികൾ കണ്ടില്ലെന്ന് നടിക്കാൻ സർക്കാരിനാവില്ല. കൊടുംവെയിലും മഴയും വകവെക്കാതെ ജനങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഈ അധ്വാനവർഗ്ഗത്തിന്റെ ജീവൽപ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണേണ്ടതും, തകർച്ചയുടെ വക്കിലെത്തിനിൽക്കുന്ന ഒരു ജനവിഭാഗത്തെ ചേർത്തണച്ചുപിടിക്കേണ്ടതും സർക്കാരിന്റെ ബാധ്യതയാണെന്ന് സംയുക്ത സമരസമിതി നേതക്കളായ
കെ.എസ്. സുനിൽകുമാർ, നാലാഞ്ചിറ ഹരി (സി ഐ ടി യു ) സുനിൽ മതിലകം, മൈക്കിൾ സെബാസ്റ്റ്യൻ (AITUC), വിഴിഞ്ഞംജയകുമാർ (HMS), കവടിയാർ ധർമ്മൻ (KTUC ) എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.