ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സിൽ നിന്നും വിദ്യാർത്ഥിനിയെ വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണം തുടരും
ആലപ്പുഴയിൽ വിദ്യാർഥിനിയെ കെഎസ്ആർടിസി ബസ്സിൽ നിന്നും വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണം തുടരും. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് സി എം ടിയ്ക്ക് കൈമാറി. വിദ്യാർഥിനിയുടെ പരാതിയിൽ അന്വേഷണം നടത്താൻ കെഎസ്ആർടിസി സിഎംഡി നിർദ്ദേശം നൽകിയിരുന്നു. ആഭ്യന്തര വിജിലൻസ് വിഭാഗവും കൺട്രോളിങ് ഇൻസ്പെക്ടർ ആണ് അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയത്.
ശനിയാഴ്ച രാത്രി എറണാകുളത്തുനിന്ന് ഹരിപ്പാട്ടേക്ക് യാത്ര ചെയ്ത പന്തളം സ്വദേശിനിയായ വിദ്യാർഥിനിയെയാണ് ആലപ്പുഴ ഡിപ്പോയിൽ ഇറക്കിവിട്ടത്. യാത്ര തുടരാൻ മറ്റു സംവിധാനങ്ങൾ ബസ് ജീവനക്കാർ ഏർപ്പെടുത്തി നൽകിയതുമില്ല. തുടർന്ന് വഴിയിൽ ഒറ്റയ്ക്കായ വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകി. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലും കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർക്കുമാണ് വിദ്യാർഥിനി പരാതി നൽകിയത്. ഇതിനെ തുടർന്നായിരുന്നു അന്വേഷണം.
സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. കൃത്യമായ നടപടിക്രമം പാലിച്ചാണോ സർവീസ് അവസാനിപ്പിച്ചത് എന്നും പരിശോധന നടത്തും. വിജിലൻസ് ആകും ഇക്കാര്യങ്ങൾ പരിശോധിക്കുക. പരാതിക്കാരിയുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തും. സർവീസ് അവസാനിപ്പിച്ചത് ലോഗ് ബുക്കിൽ രേഖപ്പെടുത്തിയോ എന്ന് അറിയുന്നതിന് ലോഗ് ബുക്ക് പരിശോധിക്കും. വർക്ക് ഷോപ്പിലെ രജിസ്റ്റർ ഉൾപ്പെടെ പരിശോധിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു. നിലവിൽ വിഷയം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് മാത്രമാണ് തയ്യാറായിട്ടുള്ളത്. പോലീസിൽ നൽകിയ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ജീവനക്കാരുടെയും പരാതിക്കാരിയുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തി.
അതേസമയം ബസ്സിന്റെ ഗിയറിനുണ്ടായ തകരാറിനെ തുടർന്നാണ് സർവീസ് അവസാനിപ്പിച്ചത് എന്നാണ് ജീവനക്കാരുടെ വാദം. ബസ്സിൽ വൈറ്റില മുതൽ നല്ല തിരക്കായിരുന്നു എന്നും ആലപ്പുഴ എത്താറായപ്പോഴാണ് തകരാർ ഉണ്ടായത് എന്നുമാണ് കെഎസ്ആർടിസി ജീവനക്കാർ നൽകിയിരിക്കുന്ന മൊഴി. യാത്ര അവസാനിപ്പിക്കുന്നതായി യാത്രക്കാരെ അറിയിച്ചിരുന്നു. ആലപ്പുഴ കഴിഞ്ഞ് പോകുന്നതിന് ടിക്കറ്റെടുത്ത് 9 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ഇതിൽ എട്ടു പേരെ മറ്റു ബസുകളിൽ കയറ്റി വിട്ടു. എന്നാൽ ബസ്സിൽ നിന്നിറങ്ങിയ വിദ്യാർത്ഥിനിയെ പിന്നീട് കണ്ടിട്ടില്ലെന്നും ബസിന് തകരാർ ഉണ്ടായ വിവരം ചേർത്തല ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർമാരെ അറിയിച്ചിരുന്നതായും ജീവനക്കാർ പറഞ്ഞു.