കോവിഡ് കാലത്തെ മറ്റൊരു കൊള്ള; കോടികള്‍ ചിലവാക്കിയ ഐസലേഷന്‍ വാര്‍ഡുകളൊന്നും ഉപയോഗപ്രദമല്ല ; വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് കാലത്ത് നടന്ന മറ്റൊരു അഴിമതി കൂടി പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കോവിഡ് കാലത്ത് ഐസലേഷന്‍ വാര്‍ഡുകളില്‍ നിര്‍മ്മിച്ചതില്‍ വലിയ ക്രമക്കേട് എന്നാണ് ആരോഗ്യമന്ത്രി നിയമസഭായെ അറിയിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കാലത്ത്
നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും പൂര്‍ത്തിയാകാതെ കിടക്കുന്നതുമായ കെട്ടിടങ്ങളൊന്നുംതന്നെ രോഗിപരിചരണത്തിന് അനുയോജ്യമല്ല. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒരു കെട്ടിടത്തിലും രോഗിയെ കിടത്തിച്ചികിത്സിക്കുന്നതിനോ ഐസൊലേഷന്‍ വാര്‍ഡായി ഉപയോഗിക്കുന്നതിനോ സാധിക്കുന്ന സാഹചര്യമല്ല. കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ ധാരാളം അപാകതകളുണ്ട്. ഇവയിലൊന്നിലും ഐസൊലേഷന്‍ വാര്ഡിനാവശ്യമായ എ.സി.-യോ, ടോയ്ലറ്റ് സൗകര്യങ്ങളോ, മറ്റ് അനുബന്ധ ഉപകരണങ്ങളോ ഉള്‍പ്പെടുത്തിയിട്ടില്ല. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഫാന്‍ സ്ഥാപിക്കുന്നതിന് മേല്‍ക്കൂരയില്‍ ബലക്കുറവുണ്ട്. ഷീറ്റുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ കെട്ടിടങ്ങളെല്ലാംതന്നെ ജീര്‍ണ്ണാവസ്ഥയിലാണ്. ഒരു കെട്ടിടത്തിന്റെ നിര്‍മ്മാണ ചെലവ് ഏകദേശം 1.83 കോടി രൂപയായിരുന്നു. തുക അനുവദിക്കുകയും ചെയ്തു. പക്ഷെ രോഗികള്‍ക്ക് ഉപകാരപ്രദമായ ഒന്നുംതന്നെ ഈ കെട്ടിടത്തിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
വി.പി.സജീന്ദ്രന് എം.എല്‍.എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി കെ.മുരളീധരന് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ്-19 പോലുള്ള മഹാമാരികളെ ഫലപ്രദമായി നേരിടുന്നതിനും ഭാവിയിലുണ്ടായേക്കാവുന്ന പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനുമായി സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളില്‍ 10 കിടക്കകള്‍ വീതമുള്ള ആധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കിയിരുന്നു. 250,69,79,300/- ആയി നിജപ്പെടുത്തിയ പദ്ധതിച്ചെലവിന്റെ 50 ശതമാനം കിഫ്ബി ഫണ്ടില്‍നിന്നും ശേഷിക്കുന്ന 50 ശതമാനം എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് കണ്ടെത്തുന്നത്. പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍ രോഗികള്‍ക്ക് ഉപകാരപ്രദമായ ഒന്നും നടന്നില്ല. അതുകൊണ്ട് സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു വിദഗ്ധ ടീമിനെ ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന് നിയമസഭയില്‍ പറഞ്ഞു.