ഫ്രാൻസിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ആഗോള കമ്മ്യൂണിസ്റ്റ് പ്രചാരണ ശൃംഖലയെന്ന് അന്വേഷണ റിപ്പോർട്ട്; ഇന്ത്യയുമായും ബന്ധമെന്ന് സൂചന
വാഷിംഗ്ടൺ/പാരീസ്: ഫ്രാൻസിൽ സ്കൂൾ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പുറകിൽ ആഗോളതലത്തിൽ തീവ്ര ഇടതുപക്ഷ-കമ്മ്യൂണിസ്റ്റ് സംഘടനകൾ രംഗത്തുണ്ടെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്. വിദ്യാർത്ഥി സമരങ്ങളുടെ മറവിൽ സ്വന്തം രാഷ്ട്രീയ അജണ്ടകളും മുതലാളിത്ത വിരുദ്ധ പ്രചാരണങ്ങളും അടിച്ചേൽപ്പിക്കാൻ അന്താരാഷ്ട്ര തലത്തിലുള്ള സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് ശൃംഖലകൾ ശ്രമിക്കുന്നതായാണ് ഫോക്സ് ന്യൂസ് ഡിജിറ്റൽ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ പ്രചാരണ ശൃംഖലയ്ക്ക് ഇന്ത്യയുമായും കണ്ണികളുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച അമ്പതോളം സംഘടനകളെ വിശകലനം ചെയ്തതിൽ വെറും 15 എണ്ണം മാത്രമാണ് യഥാർത്ഥ വിദ്യാർത്ഥി-യുവജന സംഘടനകളെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബാക്കി 35 സംഘടനകളും തൊഴിലാളി യൂണിയനുകളും കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് പാർട്ടികളും പൗരാവകാശ സംഘടനകളുമാണ്. ഫ്രാൻസിൽ മാത്രമൊതുങ്ങാതെ അമേരിക്ക, യുകെ, ഗ്രീസ്, ബ്രസീൽ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ പ്രചാരണ ശൃംഖല വ്യാപിച്ച് കിടക്കുന്നുണ്ട്.
വിദ്യാഭ്യാസ പ്രശ്നങ്ങൾ ഉന്നയിച്ച് ആരംഭിച്ച സമരം ഇപ്പോൾ സൈനിക ചെലവുകൾ, വിദേശനയം, ഇസ്രായേൽ വിരുദ്ധത, മുതലാളിത്ത വിരുദ്ധത തുടങ്ങിയ വിശാല രാഷ്ട്രീയ വിഷയങ്ങളിലേക്ക് തിരിച്ചുവിടാൻ ഈ സംഘടനകൾ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് റിപ്പോർട്ട് ആരോപിക്കുന്നു.
ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥികളുടെയും പ്രൊഫഷണലുകളുടെയും കൂട്ടായ്മയായ ‘ഇന്ത്യൻ അലയൻസ് പാരീസ്’ എന്ന സംഘടനയും ഈ പ്രചാരണത്തിൽ പങ്കാളികളാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫ്രാൻസിലെ വിദ്യാർത്ഥി സമരങ്ങളെയും ഇന്ത്യയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെയും താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾ ഈ സംഘടന സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. കൂടാതെ, ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളെയും പ്രതിപക്ഷ പ്രതിഷേധങ്ങളെയും സംബന്ധിച്ച വീഡിയോകളും പോസ്റ്റുകളും സംഘടന വ്യാപകമായി പങ്കുവെച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് സമരങ്ങളെ ഫ്രഞ്ച് പോലീസിനെതിരായ നേരിട്ടുള്ള ഏറ്റുമുട്ടലുകളായി ചിത്രീകരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, പ്രക്ഷോഭങ്ങളുടെ മറവിൽ നടക്കുന്ന അക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി. രാജ്യവ്യാപകമായി കടകൾ കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്ത 2,300-ലധികം ആളുകളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ഫ്രഞ്ച് സുരക്ഷാസേന അറസ്റ്റ് ചെയ്തത്. ജീവിതച്ചെലവ് വർധനവിനും പണപ്പെരുപ്പത്തിനുമെതിരെ ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതിനിടെയാണ് നഗരങ്ങളിൽ വ്യാപക അക്രമങ്ങൾ അരങ്ങേറിയത്. അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും കർശന നടപടികൾ തുടരുമെന്നും ഭരണകൂടം അറിയിച്ചു.