മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമറാനെ പുറത്താക്കണം; രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കി കേരള നിയമസഭ
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി കേരള നിയമസഭ. രാജ്യത്ത് ആദ്യമായാണ് ഒരു നിയമസഭ ഇത്തരമൊരു പ്രമേയം പാസാക്കുന്നത്. ബിജെപിയുടെ മൂന്ന് അംഗങ്ങള്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. എല്‍ഡിഎഫ് എംഎല്‍എമാര്‍ പ്രമേയത്തെ പിന്തുണച്ചു.
തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകള്‍ കാരണം കോടിക്കണക്കിന് വോട്ടര്‍മാര്‍ക്ക് വോട്ടവകാശ നിഷേധിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന് അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ അടിസ്ഥാനപരമായ അവകാശമായ വോട്ടവകാശം കവര്‍ന്നെടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തുന്നത് ജനവിധി അട്ടിമറിക്കുന്നതിന് തുല്യമാണ്. ഈ സാഹചര്യത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിച്ച് ഒഴിവാക്കപ്പെട്ട അര്‍ഹരായ മുഴുവന്‍ വോട്ടര്‍മാരുടെയും വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് പ്രമേയം ആവശ്യപ്പെ
തിരഞ്ഞെടുപ്പു കമ്മിഷനെ അപകീര്‍ത്തിപ്പെടുത്താനുള്ള തല്‍പ്പര കക്ഷികളുടെ ശ്രമത്തെ അപലപിക്കുന്നു എന്നുകൂടി ഉള്‍പ്പെടുത്തണമെന്ന് ബി.ജെ. പിയുടെ വി.മുരളീധരന് ഭേദഗതിയിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുള്‍പ്പെടെയുളള ഭേഭഗതികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ല. കേരളത്തില്‍ 24 ലക്ഷം വോട്ടര്‍മാരെ പുറത്താക്കി, ചീഫ് ഇലക്ട്രല്‍ ഓഫീസര്‍മാര്‍ക്കെതിരെ നടപടി വേണം എന്നിങ്ങനെയുള്ള പ്രതിപക്ഷനേതാവിന്റെ ഭേദഗതികള്‍ ഉള്‍പ്പെടുത്തി. രാഷ്ട്രീയ പ്രേരിതമായ ഭേദഗതികള്‍ തള്ളുന്നു എന്നും രാജ്യതാല്പര്യത്തിനൊപ്പം കേരള നിയമസഭ നില്‍ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി വി. ഡി. സതീശന് ചട്ടം 118 അനുസരിച്ച് അവതരിപ്പിച്ച പ്രമേയത്തിന്റെ പൂര്‍ണരൂപം:
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ സ്വതന്ത്രവും സുതാര്യവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകളും, ഓരോ പൗരനും ഭരണഘടന ഉറപ്പുനല്‍കുന്ന സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശവുമാണ്. എന്നാല്‍, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപകാല പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ആശങ്കകളും ആരോപണങ്ങളും രാജ്യത്തുടനീളം ഉയര്‍ന്നുവന്നിട്ടുള്ള ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്.
തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ (Special Intensive Revision) പേരില്‍ കൃത്യമായ മാനദണ്ഡങ്ങളോ മുന്‍കൂട്ടിയുള്ള അറിയിപ്പുകളോ ഇല്ലാതെ, ലക്ഷക്കണക്കിന് അര്‍ഹരായ പൗരന്മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, കുടിയേറ്റ തൊഴിലാളികള്‍, യുവവോട്ടര്‍മാര്‍ എന്നിവരുടെ വോട്ടവകാശം സാങ്കേതിക തിരിമറികളിലൂടെയും അപാകതകളിലൂടെയും കവര്‍ന്നെടുക്കപ്പെടുന്നത് ജനാധിപത്യപരമായ തത്ത്വങ്ങളുടെ നഗ്നമായ ലംഘനമാണ്.
തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിലെ അപാകതകള്‍ കാരണം അര്‍ഹരായ നിരവധി വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയും, ജനാധിപത്യപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. 1950-ലെ ജന പ്രാതിനിധ്യ നിയമവും 1960 ലെ വോട്ടര്‍ രജിസ്ട്രേഷന് ചട്ടങ്ങളും അനുസരിച്ച് ലോക്സഭാ, നിയമസഭ തിരഞ്ഞെടുപ്പുകളുടെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനുള്ള ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരുടെ അധികാരം സോഫ്റ്റ്വെയര് സംവിധാനത്തിലൂടെ ഇല്ലാതാക്കിയെന്നതും; 1960 ലെ വോട്ടര്‍ രജിസ്ട്രേഷന് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഫാറം 6 ഭേദഗതി വരുത്തിയെന്നതും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടികളില്‍ കമ്മീഷനിലെ ഭൂരിപക്ഷം അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകളും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വോട്ടര്‍പട്ടിക തയ്യാറാക്കാനും പരിശോധിക്കാനും ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്, ജനപ്രാതിനിധ്യ നിയമത്തിനും ഇലക്ട്രല്‍ രജിസ്ട്രേഷന് ചട്ടങ്ങള്‍ക്കും അനുസൃതമായി പൗരന്റെ വോട്ടവകാശം സംരക്ഷിക്കുന്ന രീതിയില്‍ നിയമപരമായും സുതാര്യമായും പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഇലക്ഷന് കമ്മീഷന് പരാജയപ്പെട്ടിരിക്കുന്നു. പ്രസ്തുത അപാകതകള്‍ പരിഹരിക്കുന്നതിനും, അര്‍ഹരായ മുഴുവന്‍ ആളുകളുടെയും വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിനും നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണകൂട സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ പൂര്‍ണ്ണമായും നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍ കമ്മീഷന്റെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ സുതാര്യതയും വിശ്വാസ്യതയും ഇല്ലാതാക്കിയിരിക്കുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 326 ഉറപ്പുനല്‍കുന്ന പൗരന്റെ അടിസ്ഥാനപരമായ അവകാശമായ വോട്ടവകാശം കവര്‍ന്നെടുക്കുന്നത് ഭരണഘടനാ ലംഘനമാണ്. വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടക്കുന്നത് ജനവിധിയെത്തന്നെ അട്ടിമറിക്കുന്നതിന് തുല്യമാണ്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണര്‍മാരെയും തിരഞ്ഞെടുക്കുന്ന സമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉണ്ടാകണമെന്ന് പരമോന്നത കോടതി വിധിച്ചിരുന്നു. എന്നാല്‍, പിന്നീട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിലൂടെ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രമന്ത്രിസഭയ്ക്ക് ഭൂരിപക്ഷമുള്ള രീതിയില്‍ സെലക്ഷന് കമ്മിറ്റി മാറ്റിയത് സ്ഥാപനത്തിന്റെ നിഷ്പക്ഷത തകര്‍ത്തു. പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന നിഷ്പക്ഷ സമിതിക്ക് മാത്രമേ സ്വതന്ത്രരായ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ കണ്ടെത്താന്‍ സാധിക്കുകയുള്ളു. ആയതിനാല്‍ കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരെ ഉള്‍പ്പെടുത്തി പൂനഃസംഘടിപ്പിക്കുവാന് നടപടി സ്വീകരിക്കണം.
കമ്മീഷന്റെ നിഷ്പക്ഷതയില്‍ ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, വിശ്വാസ്യത നിലനിര്‍ത്താന്‍ ആരോപണവിധേയനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതും അനിവാര്യമാണ്. ആയതിനാല്‍, ജനാധിപത്യത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും സംരക്ഷണത്തിനായി-
i. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിച്ച് ഒഴിവാക്കപ്പെട്ട അര്‍ഹരായ മുഴുവന്‍ വോട്ടര്‍മാരുടെയും വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കണം
ii. ആരോപണവിധേയനായ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും;
iii. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതി, പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും
സഭ തിരഞ്ഞെടുപ്പ് കമ്മീഷനോടും കേന്ദ്രസര്‍ക്കാരിനോടും അഭ്യര്‍ഥിക്കുന്നു.