സണ്ണി ജോസഫിനെ അപമാനിച്ച അഹങ്കാരം സഹിക്കേണ്ടതില്ല; സതീശനെതിരെ കോണ്‍ഗ്രസില്‍ നീക്കങ്ങള്‍; ലീഗിനും അതൃപ്തി
കെപിസിസി പ്രസിഡന്റായിരുന്നിട്ടും വൈദ്യുതമന്ത്രി സണ്ണി ജോസഫിനെ മൂലക്കിരുത്തി ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ടു പോകുന്ന മുഖ്യമന്ത്രി വിഡി സതീശന്റെ രീതികളില്‍ കോണ്‍ഗ്രസിനുള്ളില്‍ എതിരഭിപ്രായം ശക്തിപ്രാപിക്കുന്നു. കെപിസിസി പ്രസിഡന്റിനെ അവഗണിച്ച് വകുപ്പില്‍ വിശ്വസ്തരായ ഐഎസ് ഉദ്യോഗസ്ഥരെ നിയമിച്ച് സമാന്തര ഭരണമാണ് നടക്കുന്നതെന്നും ഇനിയും ഇത് അനുവദിക്കേണ്ട കാര്യമില്ലെന്നുമാണ് പല നേതാക്കളുടേയും അഭിപ്രായം. ബോര്‍ഡ് കോര്പ്പറേഷന് നിയമനം പോലും നടത്താതെ പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവരെ പുറത്ത് നിര്‍ത്തി അധികാരം ആസ്വദിക്കുകയാണ് സതീശന് ചെയ്യുന്നത്. ഈ അഹങ്കാരം ഇനി സഹിക്കേണ്ട കാര്യമില്ലെന്നും കടുത്ത നടപടികളിലേക്ക് കടക്കണം എന്നുമാണ് പല നേതാക്കളും പങ്കുവയ്ക്കുന്ന അഭിപ്രായം.
ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ സണ്ണി ജോസഫിന് താക്കീത് നല്കുന്ന സ്വരത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. ജിഎന്‍എ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് സണ്ണി ജോസഫ് എതിര്‍പ്പ് അറിയിച്ചത്. എന്നാല്‍ അങ്ങനെ ഒരു കാര്യം തീരുമാനിച്ചിട്ടില്ല. ചര്‍ച്ചകളാണ് നടന്നത്. ഈ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയത് വൈദ്യുത മന്ത്രിയാണെന്നും പറഞ്ഞു. ഒപ്പം വലിയ വൈദ്യുത പ്രതിസന്ധി വരുന്നു എന്ന സമ്മര്‍ദ്ദത്തിലൂടെ ചില ഫയലുകളില്‍ ഒപ്പിടിയിക്കാനുള്ള ശ്രമം നടന്നു എന്നും. ഏതെങ്കിലും ഒരു ഫയല്‍ വന്നാല്‍ അത് അതേപടി ഒപ്പിടാനല്ല താന്‍ ഇരിക്കുന്നത് എന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. കെഎസ്ഇബിയുടെ പഴയ ചെയര്മാന് രാജ്മാണിക്യത്തിന്റെ പേര് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം എങ്കിലും ലക്ഷ്യം വൈദ്യുത മന്ത്രി തന്നെയാണെന്ന് വ്യക്തമാണ്.
യുഡിഎഫ് യോഗം വിളിച്ച് ചേര്‍ക്കുന്നില്ലെന്ന കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാതിയിലും പരിഹാസത്തോടെയുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ആ തീയതി അറിയിക്കാം എന്ന് പറഞ്ഞ് അവസാനിപ്പിക്കുക ആയിരുന്നു. മുതിര്‍ന്ന നേതാക്കളെ പോലും അപഹസിക്കുന്ന ഈ ധാര്‍ഷ്ട്യം ഇനിയും എന്തിന് സഹിക്കണം എന്നാണ് കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍. നേരത്തെ മുറുമുറപ്പായിരുന്ന ഈ അഭിപ്രായങ്ങള്‍ക്ക് ഇപ്പോള്‍ ശബ്ദം വച്ച് തുടങ്ങിയിട്ടുണ്ട്. ഹൈക്കമാന്‍ഡിനെ അടക്കം സമീപിക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. സ്പീക്കര്‍ തിരുവഞ്ചൂരിനെ പോലെ മുതിര്‍ന്ന നേതാക്കളെ ആരെയെങ്കിലുംമുഖ്യമന്ത്രി സ്ഥാനത്ത് നിയമിക്കണം എന്നാണ് ഇവര്‍ വാദിക്കുന്നത്.
വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ നിലപാട് എടുത്ത് മുസ്ലിം ലീഗിലും എതിരഭിപ്രായമുണ്ട്. സണ്ണി ജോസഫിനെ മൂലയ്ക്കിരുത്തിയുള്ള മുഖ്യമന്ത്രിയുടെ വൈദ്യുത വകുപ്പ് ഭരണം തന്നെയാണ് ലീഗിലും അസ്വസ്ഥയുണ്ടാക്കുന്നത്. ബോര്‍ഡ് കോര്പ്പറേഷന് വിഭജനം വൈകുന്നതും ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന സന്ദേശം ലീഗ് ഉടന്‍ അറിയിക്കും എന്നാണ് വിവരം. മുസ്ലിം ലീഗ് കൂടി എതിര് ഭാഗത്ത് നിന്നാണ് അത് വിഡി സതീശന് വലയി വെല്ലുവിളിയാകും എന്ന് ഉറപ്പാണ്.