അനധികൃത മണൽ കടത്ത് : എഞ്ചിൻ ഘടിപ്പിച്ച നാല് വളളങ്ങളും ഒരു ടിപ്പർ ലോറിയും പോലീസ് പിടിയിൽ
കൊച്ചി: അനധികൃതമായി മണൽ കടത്തിയ എഞ്ചിൻ ഘടിപ്പിച്ച നാല് വളളങ്ങളും ഒരു ടിപ്പർ ലോറിയും പോലീസ് പിടിയിൽ. മണൽ കടത്തുസംഘത്തിലെ കണ്ടാലറിയുന്ന18 പേർക്കെതിരെ ആലുവ സി.ഐ പി.എം ഷെമീറിൻ്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്തു.. ഉളിയന്നൂർ കുഞ്ഞുണ്ണിക്കര ഭാഗത്ത് നിന്നുള്ള കടവുകളിൽ നിന്നാണ് മണൽ വഞ്ചികൾ പിടിച്ചെടുത്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. കൊല്ലം- ആലപ്പുഴ ജില്ലകളിലേക്കാണ് ഇവിടെ നിന്ന് മണൽ കൊണ്ടു പോകുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സി.ഐ പി.എം ഷെമീർ പറഞ്ഞു.
പുത്തൻവേലിക്കര പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിയാർ പുഴയിൽ നിന്നും രണ്ട് വഞ്ചികളിലായി മണല്‍ വാരി കടത്തുകയായിരുന്ന ആറ് പേരും പോലീസ് പിടിയിലായിട്ടുണ്ട് . ചെട്ടിക്കാട് സ്വദേശികളായ സന്തോഷ്, ജിമിൽ, ലാലു, കൊടുങ്ങല്ലൂർ മേത്തല സ്വദേശികളായ റഷീദ്, സജീവൻ അഴീക്കോട് സ്വദേശി അജേഷ് എന്നിവരാണ് രണ്ടു കേസുകളിലായി പോലീസിന്റെ പിടിയിലായത്. ഇവർ ഇതിനുമുൻപും കൊടുങ്ങല്ലൂർ വടക്കേക്കര പോലീസ് സ്റ്റേഷനുകളായി രജിസ്റ്റർ ചെയ്ത സമാന കേസിൽ ഉൾപ്പെട്ടവരാണ്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.സമീപകാലത്തായി മണൽവാരി കൊണ്ടിരുന്ന ഏഴു വള്ളങ്ങൾ പുത്തൻവേലിക്കര പോലീസ് പിടിച്ചെടുത്തിരുന്നു.
എസ്.ഐ എൻ.ജി അനീഷ്‌കുമാർ , സീനിയർ സി പി ഒ മാരായ ഇ.ഇ റിയാസ്, പ്രദീഷ്കുമാർ, പി.ബി ശ്രീകാന്ത്, ലീഗിൽ ജോസ് , എ.എ അഭിലാഷ്, സനിൽ, സജീർ ഇബ്രാഹിം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അനധികൃത മണൽ വാരലിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.