Thursday, 12 November 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

ധാര്‍ഷ്ട്യം അപകടമെന്ന് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി; സണ്ണി ജോസഫിനെ അനുനയിപ്പിക്കാന്‍ ക്ലിഫ് ഹൗസില്‍ രാത്രി കൂടിക്കാഴ്ച; കൂട്ടിന് ചെന്നിത്തലയും

Keralapost
Keralapost
2026 November 12, Thursday · 05:52 AM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്

കെപിസിസി പ്രസിഡന്റായ വൈദ്യുതമന്ത്രി സണ്ണി ജോസഫിനെ സംശയ നിഴലില്‍ നിര്‍ത്തിയുള്ള വാര്‍ത്താസമ്മേളനത്തിന് പിന്നാലെ അപകടം മനസിലാക്കി മുഖ്യമന്ത്രി വിഡി സതീശന്റെ പിന്നോട്ട് പോക്ക്. വൈദ്യുതമന്ത്രിയെ പുറത്ത് നിര്‍ത്തി ഏറാന്‍മൂളികളായ ഉദ്യാഗസ്ഥരെ പ്രധാന സ്ഥാനങ്ങളില്‍ ഇരുത്തി വൈദ്യുതവകുപ്പ് ഭരിക്കാനും കരാറുകളില്‍ ഒപ്പിടാനുമായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. എന്നാല്‍ ഇടപെടല്‍ പരിധി കടന്നതോടെ സണ്ണി ജോസഫ് അതൃപ്തി പരസ്യമായി പറഞ്ഞു. എന്നാല്‍ മന്ത്രി പറഞ്ഞതെല്ലാം തെറ്റെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെ കോണ്‍ഗ്രസില്‍ വലിചയ രീതിയിലുള്ള അസ്വസ്ഥത പ്രകടമായി.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന മുതിര്‍ന്ന നേതാവിനെ അപമാനിക്കുകയും സമ്മര്‍ദ്ദത്തിലാക്കി കരാര്‍ ഒപ്പിടിയിക്കാന്‍ ശ്രമം നടന്നു എന്ന്  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഈ അഹങ്കാരം ഇനിയും സഹിക്കേണ്ടതില്ല എന്ന തരത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ആറ് മാസത്തിനുള്ളില്‍ ഉണ്ടായ ഈ ഇടപെടലുകള്‍ മുളയിലേ നുള്ളാന്‍ മുഖ്യമന്ത്രിയെ മാറ്റണം എന്ന ആവശ്യം വരെ ഉയര്‍ന്നു. ഇതോടെയാണ് അപകടം മനസിലാക്കി മുഖ്യമന്ത്രി പത്തി താഴ്ത്തിയത്.

അതൃപ്തി തുറന്നു പറഞ്ഞ സണ്ണി ജോസഫുമായി മുഖ്യമന്ത്രി ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തി.  ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.  മന്ത്രിക്ക് ഉണ്ടായ അവഗണന മുഖ്യമന്ത്രി അംഗീകരിച്ചു എന്നാണ് വിവരം. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പൊതുമധ്യത്തില്‍ സര്‍ക്കാരിന് അപകീര്‍ത്തിയുണ്ടാകതിരിക്കാനും കൂട്ടായ ചര്‍ച്ചകള്‍ നടത്താമെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കി എന്നാണ് വിവരം. ഇതില്‍ സണ്ണി ജോസഫ് തൃപ്തനായോ എന്നാണ് ഇനി അറിയാനുള്ളത്.

പൊതുവേ സൗമ്യനായ സണ്ണി ജോസഫിന്റെ ഈ തുറന്നു പറച്ചില്‍ മുഖ്യമന്ത്രിയെ തെല്ലൊന്നുമല്ല അലട്ടിയത്. കോണ്‍ഗ്രസിലെ തന്നെ വലിയൊരു വിഭാഗം ഇപ്പോള്‍ തന്നെ മുഖ്യമന്ത്രിക്ക് എതിരാണ്. ഇതില്‍ കെസി വേണുഗോപാല്‍, കെ സുധാകരന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തുടങ്ങി വലിയ നേതാക്കള്‍ തൊട്ടുണ്ട്. ഇങ്ങനെ ഒരു അവസരം ലഭിച്ചാല്‍ അത് എങ്ങനെ കൃത്യമായി വിനിയോഗിക്കണം എന്ന് നന്നായി അറിയാവുന്നവരാണ് എതിര്‍ ചേരിയിലുള്ളത്. അത് മനസിലാക്കി തന്നെയാണ് മുഖ്യമന്ത്രി പിന്നോട്ട് പോയത്.

കാര്യമായ ഗ്രൂപ്പ് പിന്തുണയോ അണികളുടെ എണ്ണമോ ഉള്ളയാളല്ല വിഡി സതീശന്‍. കോണ്‍ഗ്രസിലെ മുന്‍മുഖ്യമന്ത്രിമാരെ പോലെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതൃനിരയില്‍ നിന്ന് വന്ന ആളുമല്ല. എസ്.എസ്.യുവിന്റെ ദേശീയ സെക്രട്ടറിമാരില്‍ ഒരാളായതാണ് ഏക വിദ്യാര്‍ത്ഥി യുവജന രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യം. കെപിസിസി വൈസ്പ്രസിഡന്റായും പ്രവര്‍ത്തിച്ചു. അതുകൊണ്ട് തന്നെ സംസ്ഥാന വ്യാപകമായി അണികളുടെ ഒരു നിരയുണ്ടാക്കാന്‍ സതീശന് ഇതുവരേയും കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി കസേര അടികളിച്ചപ്പോള്‍ പോലും കോണ്‍ഗ്രസിനുള്ളിലെ പിന്തുണയേക്കാള്‍ മുസ്ലീം ലീഗിന്റെ കടുംപിടുത്തമാണ് സതീശന് കസേര ഉറപ്പിച്ചത്. ഇതെല്ലാം മറ്റാരെക്കാളും നന്നായി അറിയുന്ന ആളാണ് മുഖ്യമന്ത്രി. അതുകൊണ്ട് തന്നെയാണ് അനുനയത്തിന്റെ പാതയിലേക്കുള്ള മാറ്റം. ഇതുകൊണ്ട് മാത്രം കോണ്‍ഗ്രസിലെ എതിര്‍പ്പുകള്‍ നേരിടാന്‍ സതീശന് കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്.

 

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ