Tuesday, 10 November 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

മൃഗസംരക്ഷണ ഫണ്ട് ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നുണ്ടോ എന്ന് വിലയിരുത്തണമെന്ന് എറണാകുളം മേയർ

Keralapost
Keralapost
2026 November 10, Tuesday · 08:09 AM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്

മൃഗസംരക്ഷണ മേഖലയിലെ പദ്ധതികൾ കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ആസൂത്രണം ചെയ്യണമെന്നും പദ്ധതിയുടെ ഫണ്ട് കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വിനിയോഗിക്കണമെന്നും കൊച്ചി കോർപറേഷൻ മേയർ വി.കെ. മിനിമോൾ പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പിന്റെ സംയോജിത സാമ്പിൾ സർവേയുടെ (ISS) സംസ്ഥാനതല പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ സംയോജിത സാമ്പിൾ സർവേയുടെ റിപ്പോർട്ട്, ബ്രോഷർ എന്നിവയുടെ പ്രകാശനവും മേയർ നിർവഹിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മൃഗസംരക്ഷണ മേഖലയ്ക്കായി ചെലവഴിക്കുന്ന പദ്ധതി തുകയുടെ ഗുണഫലം കൃത്യമായി വിലയിരുത്താൻ വിവരശേഖരണം അനിവാര്യമാണെന്ന് മേയർ പറഞ്ഞു. മുട്ടക്കോഴി വിതരണം പോലുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ അവയുടെ യഥാർഥ പ്രയോജനം എത്രത്തോളമെന്ന് പരിശോധിക്കണം. കൃത്യമായ കണക്കുകളില്ലാതെ പദ്ധതികൾ നടപ്പാക്കുന്നത് പൊതുപണത്തിന്റെ ഫലപ്രദമായ വിനിയോഗത്തിന് തടസ്സമാകും. ജിയോ ടാഗിങ് ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് മൃഗസംരക്ഷണ മേഖലയിലെ വിവരങ്ങൾ ശേഖരിക്കണമെന്നും മേയർ പറഞ്ഞു.

പാലുത്പാദനം, മുട്ട ഉത്പാദനം, മാംസ ഉത്പാദനം എന്നീ മേഖലകളിലെ യഥാർഥ സ്ഥിതി മനസ്സിലാക്കാൻ ഇന്റഗ്രേറ്റഡ് സാമ്പിൾ സർവേ സഹായിക്കും. സർവേയുടെ പഠന റിപ്പോർട്ടുകൾ സമയബന്ധിതമായി തയ്യാറാക്കണം. കാലതാമസത്തോടെ ലഭിക്കുന്ന കണക്കുകൾക്ക് പ്രായോഗിക പ്രയോജനം കുറവാണ്. ഫീൽഡിലെത്തി കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും ഉത്തരവാദിത്വത്തോടെ സർവേ പൂർത്തിയാക്കാനും ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മേയർ പറഞ്ഞു.

മൃഗസംരക്ഷണ മേഖലയിലേക്ക് പുതുതലമുറയെ കൂടുതൽ ആകർഷിക്കേണ്ടതുണ്ട്. ഉയർന്ന വിദ്യാഭ്യാസം നേടിയ യുവാക്കൾ ഈ മേഖലയിലേക്ക് കടന്നുവരുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. കർഷകരുടെ ക്ഷേമവും ഉപജീവനമാർഗങ്ങളുടെ സംരക്ഷണവും ലക്ഷ്യമിട്ട് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുസമൂഹവും കൂട്ടായി പ്രവർത്തിക്കണമെന്നും മേയർ കൂട്ടിച്ചേർത്തു.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ എൽദോസ് എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയിന്റ് ഡയറക്ടർ ഗോപകുമാർ എസ്, ഡെപ്യൂട്ടി ഡയറക്ടർ ഷറഫുദ്ദീൻ സി.എം, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ (സ്റ്റാറ്റിസ്റ്റിക്സ്) കെ. സിൻസിമോൾ ആന്റണി,മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് റിസർച്ച് ഓഫീസർമാരായ ചിന്തു വർഗ്ഗീസ്,
ബിനോജ് ജി, റീജ പി.എസ്, മറ്റ്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ