ഓപ്പറേഷൻ തൂഫാൻ അടുത്ത ഘട്ടത്തിലേക്ക്, തൂഫാൻ കെയർ പദ്ധതി ഉടൻ ആരംഭിക്കും
ഓപ്പറേഷൻ തൂഫാൻ അടുത്ത ഘട്ടത്തിലേക്ക്. തൂഫാൻ കെയർ എന്ന പേരിലാണ് രണ്ടാംഘട്ട പദ്ധതി തയ്യാറാക്കുന്നത്. ലഹരിക്ക് അടിമകളായവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരികയാണ് തൂഫാൻ കെയർ പദ്ധതിയുടെ ലക്ഷ്യം. ലഹരിക്ക് അടിമകളായവരെ പുനരധിവസിപ്പിക്കുന്നതിനായി 35 ഓളം ആശുപത്രികൾ തയ്യാറായിട്ടുണ്ട്. ഈ ആശുപത്രി പ്രതിനിധികളുടെ യോഗം ഉടൻ തിരുവനന്തപുരത്ത് ചേരും.ഈ മാസം 16ന് തൂഫാൻ കെയർ പദ്ധതി ഔദ്യോഗികമായി ആരംഭിക്കും.
ഇപ്പോൾതന്നെ പോലീസ് നിരവധി പേരെ ഡി അഡിക്ഷൻ സെന്ററുകളിൽ എത്തിച്ച് ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാന് ജനങ്ങളുടെ ഭാഗത്തുനിന്നും വൻ പിന്തുണയാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളുടെ ഭാഗത്തുനിന്ന്. സ്ത്രീകൾക്കാണ് ഇതിന്റെ വേദനയും പ്രയാസവും കൂടുതൽ അറിയാൻ കഴിയുന്നത്. രാഷ്ട്രീയ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഓപ്പറേഷൻ തൂഫാൻ മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പുട്ട വിമലാദിത്യയാണ് ഓപ്പറേഷൻ തൂഫാന്റെ മോഡൽ ഓഫീസർ. പ്രവർത്തനങ്ങളെ സംബന്ധിച്ച് അദ്ദേഹം ദിവസവും മോണിറ്റർ ചെയ്യുന്നുണ്ട്. അങ്ങനെയാണ് കണക്കുകൾ പുറത്ത് പ്രസിദ്ധീകരിക്കുന്നത്. പോലീസിൽ തന്നെ ഒരു സിസ്റ്റം ഓപ്പറേഷൻ തൂഫാന് വേണ്ടി ഉണ്ടാക്കിയിട്ടുണ്ട് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അശ്വാരൂഢ സേന ഇനി പൊതുജനങ്ങൾക്കും പരിശീലനം നൽകും. പൈലറ്റ് പദ്ധതി ആയിട്ടായിരിക്കും ആദ്യം ആരംഭിക്കുക. യുവാക്കൾക്ക് ആത്മാവിശ്വാസം വളർത്തുന്നതിന് ഹോൾസ് റൈഡിങ് മാതൃകയാകും എന്നാണ് പോലീസിന്റെ വിലയിരുത്തൽ. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൺ ബി കൃഷ്ണ മുന്നോട്ടുവെച്ച ശുപാർശ ആഭ്യന്തര വകുപ്പ് അംഗീകരിക്കുകയായിരുന്നു.