Sunday, 8 November 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

സ്ത്രീ ശാക്തീകരണത്തിന് എ ഐ സാക്ഷരത, പുതിയ ബോധവൽക്കരണ പദ്ധതിയുമായി വനിത കമ്മീഷൻ

Keralapost
Keralapost
2026 October 22, Thursday · 12:47 PM 0ndGMT+0000 · വായനാ സമയം: 1 മിനിറ്റ്

തിരുവനന്തപുരം : സ്ത്രീകളെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള വനിതാ കമ്മീഷൻ കോളേജ് വിദ്യാർത്ഥിനികൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ദേശീയ വനിതാ കമ്മീഷന്റെ എ.ഐ സാക്ഷരതാ പദ്ധതിയായ ‘യശോദ എ.ഐ’ (Yashoda AI)-യുമായി സഹകരിച്ച് തിരുവനന്തപുരം ഹോട്ടൽ പ്രശാന്തിൽ സംഘടിപ്പിച്ച പരിപാടി കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു.

ലോകം അതിവേഗം ഡിജിറ്റൽവത്ക്കരിക്കപ്പെടുന്ന സാഹചര്യത്തിൽ സ്ത്രീകൾ നിർമിതബുദ്ധിയെക്കുറിച്ചും ഡിജിറ്റൽ സാങ്കേതികവിദ്യകളെക്കുറിച്ചും അവബോധം നേടേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ. പി. സതീദേവി പറഞ്ഞു. സൈബർ സുരക്ഷ, സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ പിന്തുടരൽ എന്നിവയെക്കുറിച്ച് സ്ത്രീകൾക്ക് കൃത്യമായ അറിവുണ്ടാക്കാനും ഓൺലൈൻ തട്ടിപ്പുകളെയും ചൂഷണങ്ങളെയും തിരിച്ചറിഞ്ഞ് സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നിയമപരമായി പരാതിപ്പെടാൻ അവരെ പ്രാപ്തരാക്കാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.

ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള നിയമവിദ്യാർത്ഥിനികളാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.

‘എ.ഐയുടെ സാധ്യതകളും ഉപയോഗങ്ങളും’ എന്ന വിഷയത്തിൽ സൈബർ നിയമ-എ.ഐ വിദഗ്ധൻ അഡ്വ. മനു കൃഷ്ണ എസ്.കെ, ‘ഡിജിറ്റൽ സുരക്ഷയും എ.ഐയുടെ അപകടസാധ്യതകളും’ എന്ന വിഷയത്തിൽ അഭിഭാഷകനും കൗൺസിലിങ് സൈക്കോളജിസ്റ്റുമായ ഡോ. പി.എം. ബിനു തോട്ടത്തിൽ, ‘ദൈനംദിന ജീവിതത്തിലെ എ.ഐ’ എന്ന വിഷയത്തിൽ എൻവെസ്റ്റ്‌നെറ്റ് ക്വാളിറ്റി അഷ്വറൻസ് ഡയറക്ടർ ഫെബിൻ എസ്.എയും ക്ലാസ്സെടുത്തു. കെ.എസ്.ഡി.എം.എ., ഐ.എം.ജി. റിസോഴ്‌സ് പേഴ്‌സൺ ബിനു കുമാർ എൻ.എസ്.യുടെ നേതൃത്വത്തിൽ പ്രായോഗിക പരിശീലനവും വിദ്യാർഥിനികൾക്ക് നൽകി.

ചടങ്ങിൽ കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ, മെമ്പർ സെക്രട്ടറി ബീന വൈ.ബി., ഗവ. ലോ കോളേജ് പ്രിൻസിപ്പൽ ഡോ. ഹമീമ എം., ഗവ. ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാരും വിമൻസ് ഫോറം വേദിക കോർഡിനേറ്റർമാരുമായ അഡ്വ. അഞ്ചു രാജൻ വി., വീണ എ.കെ., കേരള വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ അർച്ചന തുടങ്ങിയവർ പങ്കെടുത്തു.

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ