പി എസ് സി ക്രമക്കേട് സി പി എമ്മിനെ സംരക്ഷിക്കുന്നത് കോൺഗ്രസ് -ലീഗ് സർക്കാരെന്ന് ബി ജെ പി
തിരുവനന്തപുരം: സിപിഎമ്മിന്റെ പി എസ് സി ക്രമക്കേടുകൾ സംരക്ഷിക്കുന്നത് കോൺഗ്രസ് -ലീഗ് സർക്കാരാണെന്നും പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് പി എസ് സിക്കെതിരെ രാഷ്ട്രപതിക്ക് ഗവർണർ നൽകിയ ശുപാർശയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാന ഗവർണ്ണരുടെ നടപടിയെ ബിജെപി സ്വാഗതം ചെയ്യുകയാണ്.
പി.എസ്.സി.യിലെ ക്രമക്കേടുകൾ മൂലം റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് ദോഷമുണ്ടായെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഇതിനെതിരെ യുവാക്കൾ തെരുവിലിറങ്ങി സമരം ചെയ്തപ്പോൾ, അവർക്കൊപ്പം ഉറച്ചുനിന്നത് ബിജെപിയും യുവമോർച്ചയുമാണ്. ഉദ്യോഗാർത്ഥികളുടെ പ്രതിഷേധത്തിന് ശക്തിപകരാനും സർക്കാരിന് അവഗണിക്കാനാവാത്ത സമരമാക്കി മാറ്റാനും ബിജെപിയുടെ ഇടപെടൽ സഹായിച്ചു. പി.എസ്.സിയിലെ പ്രശ്നങ്ങൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പുനൽകിയിട്ടും കഴിഞ്ഞ 150 ദിവസമായി ഈ യുവാക്കൾക്കായി കോൺഗ്രസ്–ലീഗ് സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
പി.എസ്.സിയിലെ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി, ഭരണഘടനാപരമായ നടപടികൾക്കായി ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ സമർപ്പിച്ചിരിക്കുകയാണ്. രാഷ്ട്രപതിക്ക് വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വിടാനും കോടതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനും കഴിയും.
പി.എസ്.സി. ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ, ഇത്തരം ക്രമക്കേടുകൾക്ക് സംസ്ഥാന സർക്കാർ ഒത്താശ ചെയ്യുകയാണോ എന്ന ചോദ്യം കേരള ഹൈക്കോടതി ഉന്നയിച്ചതും ഗൗരവത്തോടെ കാണേണ്ടതാണ്. വി ഡി സതീശൻ സർക്കാരിനനേറ്റ കനത്ത പ്രഹരമാണ് കഴിഞ്ഞ ദിവസം ഹൈ കോടതി ചോദിച്ച ചോദ്യം.
മലയാളികൾക്ക് ‘പുതുയുഗ കേരളം’ വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അഴിമതിരഹിത ഭരണവും ജനങ്ങളോടുള്ള ഉത്തരവാദിത്തവുമാണ് ഉറപ്പുനൽകിയത്. എന്നാൽ, ആ വാഗ്ദാനങ്ങൾ പാലിക്കുന്നതിനു പകരം ശബരിമല, എക്സാലോജിക്, കിഫ്ബി, ഇപ്പോൾ പി.എസ്.സി. തുടങ്ങി സിപിഎമ്മുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലും ക്രമക്കേടുകളിലും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനു പകരം അവയെ സംരക്ഷിക്കാനും മൂടിവയ്ക്കാനുമാണ് കോൺഗ്രസ്–ലീഗ് സർക്കാർ ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
യുവാക്കളുടെ തൊഴിൽ പ്രതീക്ഷകളും നീതിക്കായുള്ള പോരാട്ടവും രാഷ്ട്രീയ ഒത്തുതീർപ്പുകൾക്ക് ബലികൊടുക്കാനാവില്ല. അഴിമതിയും ക്രമക്കേടുകളും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. എന്നാൽ, രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് കുടപിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വമെന്നും അദ്ദേഹം ആരോപിച്ചു.