കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേട്: കണ്ണൂരിലും പാലക്കാട്ടും ചട്ടങ്ങൾ കാറ്റിൽപ്പറത്തി 12,000 കോടിയുടെ ഇടപാട്; ഞെട്ടിക്കുന്ന രേഖകൾ പുറത്ത്
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി വ്യക്തമാക്കുന്ന നിർണായക രേഖകൾ പുറത്ത്. കണ്ണൂരിലും പാലക്കാട്ടുമായി നടത്തിയ ഭൂമി ഏറ്റെടുക്കലുകളിലും വായ്പാ ഇടപാടുകളിലും ആണ് ക്രമക്കേടുകൾ. മന്ത്രിസഭയുടെയോ ധനകാര്യ വകുപ്പിന്റെയോ കൃത്യമായ പരിശോധനയോ മുൻകൂർ അനുമതിയോ ഇല്ലാതെ ഏകദേശം 12,000 കോടിയിലധികം രൂപയുടെ ഭൂമി ഏറ്റെടുക്കൽ പദ്ധതികൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. കിഫ്ബി ബോർഡ് യോഗങ്ങളുടെ മിനിറ്റ്സ് ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത്. സുധാ പിള്ള കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ വിവരങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നത്.
കിൻഫ്ര സമർപ്പിച്ച കേവലം ഒരു കൺസെപ്റ്റ് നോട്ടിന്റെ മാത്രം അടിസ്ഥാനത്തിലാണ് കിഫ്ബി ബോർഡ് യോഗം ചേർന്ന് ഇത്രയും ഭീമമായ തുകയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയത്. വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടോ (DPR) പ്രായോഗിക പഠനങ്ങളോ സമഗ്രമായ സാമ്പത്തിക അവലോകനങ്ങളോ ഉണ്ടായിരുന്നില്ല. എന്നിട്ടുംധൃതിപിടിച്ച് അനുമതി നൽകിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
പ്രത്യേകിച്ച് കണ്ണൂരിലെ മട്ടന്നൂർ, പനയന്താംപറമ്പ് മേഖലകളിൽ വലിയ തോതിലുള്ള അഴിമതി നടന്നതായാണ് ആരോപണം. ഇവിടെ വ്യാവസായിക ആവശ്യങ്ങൾക്കെന്ന പേരിൽ 1,000 ഏക്കറോളം ഭൂമി വിപണി മൂല്യത്തിന്റെ അഞ്ചിരട്ടി വരെ ഉയർന്ന വില നൽകിയാണ് ഏറ്റെടുത്തത്. എന്നാൽ, 2020-ൽ കോടികൾ മുടക്കി ഭൂമി ഏറ്റെടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപിച്ച വ്യവസായ പദ്ധതിയോ നിർമ്മാണ പ്രവർത്തനങ്ങളോ പ്രദേശത്ത് ആരംഭിച്ചിട്ടില്ല.
ഭൂവുടമകൾക്കും റിയൽ എസ്റ്റേറ്റ് ഇടനിലക്കാർക്കും അവിഹിത ലാഭമുണ്ടാക്കിക്കൊടുക്കാൻ വേണ്ടിയാണ് വിപണി നിരക്കിനേക്കാൾ പലമടങ്ങ് അധികം വില നൽകി ഈ ഭൂമി തിടുക്കത്തിൽ ഏറ്റെടുത്തതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
ഇതിനുപുറമെ, വലിയ രാഷ്ട്രീയ-സാമ്പത്തിക വിവാദങ്ങൾക്ക് വഴിവെച്ച മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളും പുറത്തുവന്ന കിഫ്ബി ബോർഡ് മിനിറ്റ്സിലുണ്ട്. 33-ാമത് ബോർഡ് യോഗത്തിന്റെ രേഖകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ . ഉയർന്ന പലിശ നിരക്കിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കുന്നത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഉയർന്ന പലിശഭാരം സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ അപകടപ്പെടുത്തുമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിച്ചു. തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗം മസാല ബോണ്ട് നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു.
ചട്ടങ്ങളും നിയമപരമായ സാമ്പത്തിക മാർഗ്ഗനിർദ്ദേശങ്ങളും പൂർണ്ണമായി കാറ്റിൽപ്പറത്തിയാണ് കിഫ്ബിയുടെ പല ഇടപാടുകളും നടന്നതെന്ന ആരോപണം ഈ രേഖകൾ പുറത്തുവന്നതോടെ വെളിപ്പെട്ടിരിക്കുകയാണ്.