ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളിൽ ഗുരുതര വീഴ്ച; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ പരാതിയുമായി ജീവനക്കാരുടെ സംഘടന
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായുള്ള ശബരിമല മുന്നൊരുക്കങ്ങളിൽ വലിയ വീഴ്ച. തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഭരണാനുകൂല സംഘടനയായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് രംഗത്ത്. മുഖ്യമന്ത്രി വി.ഡി. സതീശനും ദേവസ്വം മന്ത്രിക്കും ഔദ്യോഗികമായി പരാതി നൽകി. തീർത്ഥാടന ക്രമീകരണങ്ങൾ കാര്യക്ഷമമായി പൂർത്തിയാക്കുന്നതിൽ ബോർഡ് പരാജയപ്പെട്ടുവെന്ന് കാട്ടിയാണ് സംഘടന പരാതി നൽകിയത്.
മണ്ഡലകാലത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് അവശ്യ സാധനസാമഗ്രികൾ എത്തിക്കുന്നതുൾപ്പെടെയുള്ള നിർണ്ണായക പ്രവർത്തനങ്ങളിൽ ബോർഡിന് വലിയ തോതിൽ വീഴ്ച സംഭവിച്ചു. നിർമ്മാണ പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും ഇഴഞ്ഞുനീങ്ങുന്നത് വരാനിരിക്കുന്ന തീർത്ഥാടന കാലത്ത് ഭക്തർക്ക് കടുത്ത ദുരിതം സൃഷ്ടിക്കുമെന്ന് സംഘടന മുന്നറിയിപ്പ്നൽകി.
തീർത്ഥാടകർക്ക് ആശ്വാസമേകാനെന്ന പേരിൽ ശൗചാലയങ്ങൾ പൂർണ്ണമായും സൗജന്യമാക്കാനുള്ള ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനവും വിവാദത്തിലായിട്ടുണ്ട്. മുൻപ് ലേലം വഴി വലിയ വരുമാനം നേടിത്തന്നിരുന്ന ശൗചാലയങ്ങൾ സൗജന്യമാക്കിയതോടെ ബോർഡിന് കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകാൻ പോകുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ വരുമാന നഷ്ടം നികത്താനുള്ള വ്യക്തമായ പദ്ധതികളൊന്നും മുന്നോട്ടുവെക്കാതെയാണ് ഇത്തരം തീരുമാനങ്ങൾ എടുത്തതെന്നാണ് സംഘടനയുടെ ആക്ഷേപം.
ഇതിനുപുറമെ, ഇത്തവണത്തെ ലേല നടപടികളിൽ വലിയ രീതിയിലുള്ള ക്രമക്കേടുകളും അപാകതകളും നടന്നിട്ടുണ്ടെന്നും സംഘടന ആരോപിക്കുന്നു. പരമ്പരാഗത ലേല രീതികൾ ഒഴിവാക്കി ഇ-ടെൻഡർ കൊണ്ടുവന്നതിലൂടെ വലിയ നേട്ടമുണ്ടാകുമെന്ന് ബോർഡ് അവകാശപ്പെട്ടെങ്കിലും, ഈ സംവിധാനം സുതാര്യമല്ലെന്നും അപാകതകൾ നിറഞ്ഞതാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ അപ്രതീക്ഷിതമായി സ്വയംവിരമിക്കലിന് (വി.ആർ.എസ്) അപേക്ഷ നൽകിയതും സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിന് പിന്നിലെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ പമ്പയിൽ ഉന്നതതല ശബരിമല അവലോകന യോഗം ചേരാനിരിക്കെയാണ് ബോർഡിന്റെ സ്വന്തം ജീവനക്കാരുടെ സംഘടന തന്നെ പരസ്യമായി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മുൻവർഷങ്ങളിലെ പോരായ്മകൾ പരിഹരിച്ച് സുഗമമായ തീർത്ഥാടനം ഉറപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോഴും, താഴെത്തട്ടിലെ ക്രമീകരണങ്ങൾ അവതാളത്തിലാണെന്ന സംഘടനയുടെ വെളിപ്പെടുത്തൽ ഭരണ-ബോർഡ് തലങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.