കൈക്കൂലി കേസിൽ വൈക്കം സി.ഐ ഷമീർ ഖാൻ കുറ്റക്കാരൻ; ആസാം കാരന്റെ അക്കൗണ്ടിൽ വാങ്ങിയത് 2.28 ലക്ഷം രൂപ, നടപടിക്ക് വിജിലൻസ് ശുപാർശ
കോട്ടയം: പലരിൽ നിന്നായി രണ്ട് ലക്ഷത്തി ഇരുപത്തിയെണ്ണായിരം (2.28 ലക്ഷം) രൂപ കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം സി.ഐ ഷമീർ ഖാൻ കുറ്റക്കാരനാണെന്ന് വിജിലൻസ് റിപ്പോർട്ട്. വിജിലൻസ് തയ്യാറാക്കിയ സമഗ്രമായ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) ഇന്ന് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.ഐക്കെതിരെ സസ്‌പെൻഷൻ അടക്കമുള്ള കടുത്ത അച്ചടക്ക നടപടികൾ ഉടനെയുണ്ടാകും.
വളരെ ആസൂത്രിതമായി സിനിമ സ്റ്റൈലിലാണ് സി.ഐ കൈക്കൂലി ഇടപാടുകൾ നടത്തിയതെന്ന് വിജിലൻസ് കണ്ടെത്തി. വൈക്കത്തെ കോഴിഫാമിൽ ജോലി ചെയ്യുന്ന അസം സ്വദേശി ജഗത് ജൊഗോയി എന്ന തൊഴിലാളിയുടെ ആധാർ കാർഡും പാൻ കാർഡും ദുരുപയോഗം ചെയ്ത് വൈക്കം കാനറാ ബാങ്കിൽ വ്യാജമായി അക്കൗണ്ട് തുറക്കുകയായിരുന്നു. കൂടാതെ, വൈക്കം സ്വദേശിയായ അരുൺ എന്നയാളുടെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ച് മറ്റൊരു മൊബൈൽ ഫോണിൽ ഗൂഗിൾ പേ അടക്കമുള്ള യു.പി.ഐ സംവിധാനം സജ്ജമാക്കിയാണ് കൈക്കൂലി പണം ഈ അക്കൗണ്ടിലേക്ക് മാറ്റിയത്.
കഴിഞ്ഞ സെപ്റ്റംബർ അവസാനത്തോടെയാണ് ഷമീർ ഖാൻ വൈക്കം സി.ഐ ആയി ചുമതലയേൽക്കുന്നത്. കേവലം ഒന്നര മാസത്തെ സേവനത്തിനിടയിലാണ് ഇത്രയും വലിയ തുക കൈക്കൂലിയായി വാങ്ങിക്കൂട്ടിയത്. പ്രദേശത്തെ വ്യവസായികളിൽ നിന്നും മണ്ണ്-മണൽ മാഫിയ സംഘങ്ങളിൽ നിന്നുമാണ് പ്രധാനമായും പണം കൈപ്പറ്റിയത്. തുക ഈ അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെടുന്ന ഇയാൾ, പണം അക്കൗണ്ടിൽ ക്രെഡിറ്റായ ഉടൻ തന്നെ ബൈക്കിൽ ഹെൽമെറ്റും മാസ്കും ധരിച്ചെത്തി വിവിധ എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുകയായിരുന്നു പതിവ്.
കഴിഞ്ഞ ദിവസം വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധന രാത്രി ഏറെ വൈകിയും തുടർന്നിരുന്നു. ശേഖരിച്ച ഡിജിറ്റൽ തെളിവുകളും ബാങ്ക് ഇടപാട് രേഖകളും പരിശോധിച്ച ശേഷമാണ് ഷമീർ ഖാൻ കുറ്റക്കാരനാണെന്ന് വിജിലൻസ് സ്ഥിരീകരിച്ചത്. ഗുരുതരമായ അഴിമതിയും ആൾമാറാട്ടവും വ്യക്തമായ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള തുടർനടപടികളിലേക്ക് അന്വേഷണ സംഘം കടക്കുകയാണ്.