ചുമതലയേൽക്കും മുൻപേ വിവാദം: ലോക്ഭവൻ അടുക്കളയിൽ മാംസാഹാരത്തിന് വിലക്കേർപ്പെടുത്തി നിയുക്ത ഗവർണർ
പട്ന: നിയുക്ത ഗവർണർ ഓം പ്രകാശ് മാത്തൂർ ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് മുൻപ് തന്നെ രാജ്ഭവനിൽ (ലോക്ഭവൻ) ഭക്ഷണ നിയന്ത്രണത്തെ ചൊല്ലി പുതിയ വിവാദം . ലോക്ഭവൻ അടുക്കളയിൽ മാംസാഹാരം പാകം ചെയ്യുന്നത് പൂർണ്ണമായി വിലക്കിയതാണ് രാഷ്ട്രീയ-ഭരണ വൃത്തങ്ങളിൽ ചർച്ചയായിരിക്കുന്നത്. ഇനി മുതൽ ലോക്ഭവനിലെ അടുക്കളയിൽ സസ്യാഹാരം മാത്രമേ പാകം ചെയ്യാവൂ എന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗവർണറും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സസ്യാഹാരം മാത്രം കഴിക്കുന്നവരായതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ഗവർണർ താമസിക്കുന്ന പ്രധാന കെട്ടിടത്തോട് ചേർന്നുള്ള അടുക്കളയിൽ അദ്ദേഹത്തിനും കുടുംബത്തിനും ഔദ്യോഗിക അതിഥികൾക്കും വേണ്ട ഭക്ഷണമാണ് പ്രധാനമായും തയ്യാറാക്കുന്നത്. അതിനാൽ ഈ അടുക്കള പൂർണ്ണമായും സസ്യഭക്ഷണശാലയായി മാറ്റാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ജീവനക്കാർക്ക് വിലക്കില്ലെന്ന് വിശദീകരണം
തീരുമാനം വലിയ വിവാദമായതോടെ വിഷയത്തിൽ വിശദീകരണവുമായി ലോക്ഭവൻ അധികൃതർ രംഗത്തെത്തി. ഗവർണറുടെ സ്വകാര്യ ആവശ്യങ്ങൾക്കുള്ള അടുക്കളയിലാണ് മാംസം പാകം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയതെന്നും ലോക്ഭവനിലെ മറ്റ് ജീവനക്കാർക്ക് മാംസാഹാരം കൊണ്ടുവന്നു കഴിക്കുന്നതിന് യാതൊരുവിധ നിരോധനവുമില്ലെന്നും അധികൃതർ വ്യക്തമാക്കി. ജീവനക്കാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും അവരുടെ കാന്റീനിലോ മറ്റു സൗകര്യങ്ങളിലോ ഭക്ഷണം എത്തിച്ചു കഴിക്കാൻ തടസ്സമില്ലെന്നും രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.
മുൻ ഗവർണറുടെ കാലത്തെ രീതികൾ
മുൻപ് ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ കാലം മുതൽ തന്നെ ചില പ്രധാന ഭരണപരിഷ്കാരങ്ങൾ രാജ്ഭവനിൽ നടപ്പിലാക്കിയിരുന്നു. ഗവർണറുടെ ഓഫീസിലെ സീനിയർ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്ന സൗജന്യ ഭക്ഷണ വിതരണം ഒഴിവാക്കിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. കൂടാതെ, സ്ഥാനമൊഴിഞ്ഞ മുൻ ഗവർണർ മാംസാഹാരം കഴിക്കുന്ന വ്യക്തിയായിരുന്നതിനാൽ അന്ന് അടുക്കളയിൽ യാതൊരു തരത്തിലുള്ള ഭക്ഷണ നിയന്ത്രണങ്ങളും നിലവിലുണ്ടായിരുന്നില്ല. എന്നാൽ പുതിയ ഗവർണറുടെ വരവോടെ അടുക്കളയിലെ ഭക്ഷണരീതി പൂർണ്ണമായി മാറുകയാണ്.
ഒരു സംസ്ഥാനത്തിന്റെ ഭരണത്തലവനായി നിയുക്തനായ വ്യക്തി ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപ് തന്നെ അദ്ദേഹത്തിന്റെ വ്യക്തിപരമായ ഭക്ഷണ ശീലങ്ങൾ ഔദ്യോഗിക സംവിധാനത്തിൽ നടപ്പിലാക്കുന്നത് അനാവശ്യ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥ തലത്തിലും പൊതുരംഗത്തും ഇത് വലിയ രീതിയിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഭരണപരമായ ചുമതലകളിലേക്ക് കടക്കും മുൻപ് തന്നെ ഉയർന്നുവന്ന ഈ വിവാദം വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.