സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിന് ഇന്നിങ്‌സ് തോൽവി
രാജ്കോട്ട്: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിന് തോൽവി. ഒന്നാം ഇന്നിങ്സിനും 93 റൺസിനുമാണ് സൗരാഷ്ട്ര കേരളത്തെ തോൽപ്പിച്ചത്. 261 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ 168 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ
കേരളം 70-ഉം സൗരാഷ്ട്ര 331 റൺസുമായിരുന്നു നേടിയത്.
കേരളം ആദ്യ ഇന്നിങ്സിൽ 70, രണ്ടാം ഇന്നിങ്സിൽ 168, സൗരാഷ്ട്ര ആദ്യ ഇന്നിങ്സിൽ 331
ആറ് വിക്കറ്റിന് 269 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ സൗരാഷ്ട്രയുടെ ഇന്നിങ്സ് അധികം നീണ്ടില്ല. 62 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകൾ കൂടി സൗരാഷ്ട്രയ്ക്ക് നഷ്ടമായി. സൗരാഷ്ട്രയ്ക്ക് വേണ്ടി അൻഷ് ഗോസായ് 97-ഉം ഹർവൻഷ് സിങ് 67-ഉം രക്ഷിത് മേത്ത 53-ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി അർജുൻ ആർ നായർ അഞ്ചും അഹ്മദ് ഇമ്രാൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി രണ്ടാം ഇന്നിങ്സിലും ഗോവിന്ദ് ദേവ് പൈ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഗോവിന്ദ് 53 റൺസെടുത്തു. എ.കെ. ആകർഷ് 29-ഉം അഹ്മദ് ഇമ്രാൻ 22-ഉം റൺസ് നേടി. മറ്റെല്ലാവരും നിരാശപ്പെടുത്തിയപ്പോൾ കേരളത്തിന്റെ ഇന്നിങ്സ് 168-ൽ അവസാനിച്ചു. സൗരാഷ്ട്രയ്ക്ക് വേണ്ടി മൗര്യ ഗൊഖാറി അഞ്ചും ചന്ദ്രരാജ് രാഥോഡും ഹിതെൻ കാംബിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.