അഭിജീത്ത് ദിപ്കെയും സിജെപി നേതാക്കളും പുറത്തേക്ക്; ഒരു വര്‍ഷത്തേക്ക് സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുത്
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമആറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്ദിറില്‍ പ്രതിഷേധിക്കാന്‍ ഡല്‍ഹിയില്‍ എത്തിയ ഉടന്‍ കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കള്‍ പുറത്തേക്ക്. സിജെപി സ്ഥാപകനായ അഭിജീത്ത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു. പ്രത്യേക എക്സിക്യുട്ടീവ് മജിസ്ട്രേറ്റാണ് ഇവരെ വെറുതെ വിട്ട് ഉത്തരവിറക്കിയത്.
സിജെപി നിയമവിഭാഗം മേധാവി അഡ്വ. രത്ന സിങ് ആണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. ഡല്‍ഹി കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ വെച്ചാണ് സിജെപി നേതാക്കളെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവറുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് സിജെപി നേതൃതാക്കള്ക്കായി ഹാജരായത്.
ഇന്നലെ രാവിലെ ഡല്‍ഹിയില്‍ എത്തിയ അഭിജീത്ത് ദിപ്കെയേയും സൗരവ് ദാസിനേയും അശുതോഷ് റങ്കയേയും വിമാനത്തില്‍ കയറിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് പുറമെ യൂട്യൂബര്‍ ധ്രുവ് റാഠിയെയും കഴിഞ്ഞദിവസം വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. ജന്തര്‍ മന്തറില്‍ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിന് മുമ്പാണ് ഇവരെയെല്ലാം കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയില്‍ എടുത്തവരെ പിന്നീട് വിട്ടയച്ചെങ്കിലും സിജെപി പ്രധാന നേതാക്കളെ മോചിപ്പിക്കാതെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുക ആയിരുന്നു. ഇനി പ്രതിഷേധങ്ങളില്‍ പങ്കെടുത്താല്‍ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് ഇവരെ വിട്ടയച്ചത്. ഒരു വര്‍ഷത്തേക്ക് സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുത് എന്ന കര്‍ശന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് നേതാക്കള്‍ വാഹനത്തില്‍ സ്റ്റേഷനില്‍ നിന്നും മടങ്ങി. പോലീസിന് തങ്ങളെ വിട്ടയക്കേണ്ടി വന്നതാണെന്നും ‘കോക്രോച്ചുകള്‍ ഒരിക്കലും മരിക്കില്ലെ’ന്നും സിജെപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു