Tuesday, 10 November 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

വകുപ്പിലെ കാര്യം അറിയാത്ത മന്ത്രി സണ്ണി ജോസഫ്; മുന്നണിയിലെ കാര്യം അറിയാത്ത കണ്‍വീനര്‍; മുഖ്യമന്ത്രി എല്ലാം തീരൂമാനിക്കുമ്പോള്‍

Keralapost
Keralapost
2026 November 10, Tuesday · 11:15 AM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്

 

പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തില്‍ എത്തിയതിന്റെ ആഘോഷം കഴിഞ്ഞതോടെ കോണ്‍ഗ്രസില്‍ പതിവ് അധികാര തര്‍ക്കങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലേക്ക്. മുഖ്യമന്ത്രി വിഡി സതീശനെ ലക്ഷ്യമിട്ട് പരസ്യ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത് കെപിസിസി പ്രസിഡന്റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫും, യുഡിഎഫ് കണ്‍വീനറും എംപിയുമായ അടൂര്‍ പ്രകാശുമാണ് എന്നത് തര്‍ക്കത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. പാര്‍ട്ടിയോ മുന്നണിയോ അറിയാതെ ഏകാധിപത്യ ശൈലിയിലാണ് മുഖ്യമന്ത്രി വിഡി സതീശന്റെ പ്രവര്‍ത്തനം എന്ന സൂചനകളാണ് ഈ പ്രധാന നേതാക്കളുടെ പരസ്യമായ വിമര്‍ശനങ്ങളിലൂടെ വെളിവാകുന്നത്.

സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ അഭിമുഖീകരിക്കേണ്ട വന്ന വലിയ പ്രശ്‌നമായിരുന്നു വൈദ്യുതി പ്രതിസന്ധി. പതിവായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നതോടെ സര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിടേണ്ടി വന്നു. വകുപ്പ് മന്ത്രി എന്ന നിലയില്‍ കൃത്യമായ ഇടപെടല്‍ സണ്ണി ജോസഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാതെ വന്നതോടെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രതിസന്ധി പരിഹിരക്കാനുള്ള നടപടികള്‍ തുടങ്ങി. അന്ന മുതല്‍ പേരിന് ഒരു മന്ത്രി എന്ന നിലയിലാണ് സണ്ണി ജോസഫ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സുപ്രധാന തീരുമാനങ്ങള്‍ മഉഖ്യമന്ത്രി എടുക്കുന്നു മന്ത്രി മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയുന്നു. ഇതോടെയാണ് പരസ്യമായ പ്രതികരണം നടത്താന്‍ സണ്ണി ജോസഫ് നിര്‍ബന്ധിതനായത്.

കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും എം.ജി രാജമാണിക്യത്തെ മാറ്റി തന്റെ വിശ്വസ്തനായ എന്‍ പ്രശാന്തിനെ മുഖ്യമന്ത്രി നിയമിച്ചതും പതിസന്ധി സംബന്ധിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണം പ്രഖ്യാപിച്ചതുമെല്ലാം താന്‍ അറിഞ്ഞത് മാധ്യമ വാര്‍ത്തകളിലൂടെയാണ് എന്നാണ് സണ്ണി ജോസഫ് പറയുന്നത്. ഹിമാചലില്‍ നിന്നും ജിഎന്‍എ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനവും മുഖ്യമന്ത്രിയാണ് പ്രഖ്യാപിച്ചത്. ഇക്കാര്യവും വകുപ്പ് മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. മഹാരാഷ്ട്രയിലെ സിന്നാര്‍ വൈദ്യുതി താപനിലയത്തില് നിന്നും വൈദ്യുതി വാങ്ങിക്കാനുള്ള തീരുമാനവും തന്നെ അറിയിച്ചില്ലെന്നും സണ്ണി ജോസഫ് പറയുന്നു. വകുപ്പ് മന്ത്രിയെ പോലും സംശയ നിഴലില്‍ നിര്‍ത്തിയുള്ള മുഖ്യമന്ത്രിയുടെ ഈ നീക്കം അനുവദിക്കാനാകില്ല എന്ന സന്ദേശവുമായാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സണ്ണി ജോസഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒന്നും അറിയിക്കുന്നില്ല പരാതി തന്നെയാണ് യുഡിഎഫ് കണ്‍വീനറായ അടൂര്‍ പ്രകാശിനുമുള്ളത്. മുന്നണി യോഗം ചേരാത്തത് എന്തെന്ന് യുഡിഎഫ് ചെയര്‍മാനോട് ചോദിക്കണമെന്ന് അടൂര്‍ പ്രകാശ് ഇന്നും ആവര്‍ത്തിച്ചു പറഞ്ഞു. മുന്നണിയില്‍ എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുകയാണ് എന്ന് തുറന്ന് പറയുകയാണ് അടൂര്‍ പ്രകാശ് ചെയ്തിരിക്കുന്നത്. സണ്ണി ജോസഫിന്റെ അഭിപ്രായം ചൂണ്ടികാട്ടി മന്ത്രിസഭയില്‍ കൂട്ടുത്തരവാദിത്വം ഉണ്ട് എന്നതിന്റെ തെളിവുണ്ടെന്ന് പരിഹസിക്കുകയും അടൂര്‍ പ്രകാശ് ചെയ്തു.

ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ വൈകുന്നതിലും കോണ്‍ഗ്രസിലും മുന്നണിയിലും എതിരഭിപ്രായമുണ്ടെന്നും കണ്‍വീനര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ വിമാനയാത്രയില്‍ ജനങ്ങള്‍ക്ക് ഒരു സംശയവും ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു എന്ന അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തിനും മൂര്‍ച്ചയേറെയാണ്. അതൃപ്തി പരസ്യമായി പറയുന്നവര്‍ കെപിസിസി പ്രസിഡന്റും മുന്നണി കണ്‍വീനറും ആയതിനാല്‍ അച്ചടക്ക നടപടി എന്ന ഭീഷണി ഉയരുന്നുമില്ല.

മുഖ്യമന്ത്രി ഒഴികെ പ്രധാന നേതാക്കളെല്ലാം അസംതൃപ്തര്‍. ഇതാണ് കോണ്‍ഗ്രസിലെ ഇപ്പോഴത്തെ അവസ്ഥ. കാര്യമായ ചര്‍ച്ചകളോ കൂടിയാലോചനകളോ ഇല്ലാതെ മുഖ്യമന്ത്രി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ താങ്ങി നിന്ന് ന്യായീകരിച്ച് എത്രനാള്‍ കോണ്‍ഗ്രസിലെ അസംതൃപ്തര്‍ മുന്നോട്ടു പോകും എന്നാണ് ഇനി അറിയാനുള്ളത്.

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ