ജയിൽ മോചിതരാകുന്നവരെ പുനരധിവസിപ്പിക്കണം : മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ : മാനസിക പരിവർത്തനം സംഭവിക്കുന്ന തടവുകാരനെ ജയിൽമോചിതനായ ശേഷം പുനരധിവസിപ്പിക്കുന്നതിന് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഒരിക്കൽ കള്ളനായി മാറേണ്ടി വന്ന വ്യക്തിയെ ജീവിതകാലം മുഴുവൻ കള്ളനെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന സമൂഹത്തിൽ അയാൾക്ക് ഒരു നല്ല മനുഷ്യനായി ജീവിക്കാൻ ഉതകുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാൻ സർക്കാരിന് കഴിയണമെന്നും കമ്മീഷൻ അംഗം വി. ഗീത ഉത്തരവിൽ പറഞ്ഞു. ഇത്തരം ആളുകൾക്ക് വേണ്ടിയുള്ള ഒരു പുനരധിവാസ പദ്ധതിക്ക് കാലതാമസം കൂടാതെ രൂപം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽ ഡി.ജി.പി എന്നിവർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
തടവുകാർക്കും അവകാശങ്ങൾ ഉണ്ടെന്ന് ഉത്തരവിൽ പറഞ്ഞു. തടവുകാർ സർക്കാരിലേക്ക് അയക്കുന്ന കത്തുകൾക്ക് കൃത്യമായ മറുപടി നൽകണമെന്നും വി. ഗീത ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 36 വർഷമായി വിവിധ ജയിലുകളിൽ കഴിയുന്ന വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ സി. സജീവൻ സമർപ്പിച്ച പരാതിയിലാണ് നടപടി. തന്റെ ജയിൽ ജീവിതം അവസാനിക്കാറായെന്നും 67 വയസായ തനിക്ക് സ്വസ്ഥതയോടെ ജീവിക്കാനുള്ള അവസരം നൽകണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് സർക്കാർ പുനരധിവാസം ഉറപ്പാക്കുമ്പോൾ തടവുകാർക്ക് പുനരധിവാസം നൽകുന്നില്ലെന്നും പരാതിയിൽ പറഞ്ഞു. ജയിലിൽ പുസ്തകം വായിച്ചാണ് കഴിയുന്നതെന്നും വായിച്ച പുസ്തകങ്ങൾ ജയിൽ ലൈബ്രറിയിലേക്ക് നൽകാറുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു. താൻ സർക്കാരിലേക്ക് അയക്കുന്ന കത്തുകൾക്ക് മറുപടി നൽകാറില്ലെന്നും പരാതിയിൽ പറഞ്ഞു.