കൈക്കൂലി കേസ്: ലീഗൽ മെട്രോളജി മുൻ ഉദ്യോഗസ്ഥന് കഠിനതടവ്
തിരുവനന്തപുരം : കൈക്കൂലി കേസിൽ തിരുവനന്തപുരം ലീഗൽ മെട്രോളജി ഓഫീസിലെ മുൻ ഡെപ്യൂട്ടി കൺട്രോളറെ വിജിലൻസ് കോടതി മൂന്ന് വർഷം കഠിനതടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം പൂവച്ചൽ സ്വദേശിയായ അജിത്ത് കുമാർ ബി.എസ്സിനെയാണ് (58) തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. മുട്ടത്തറ സ്വദേശിയായ പരാതിക്കാരൻ്റെ ആക്കുളത്ത് പ്രവർത്തിക്കുന്ന ഇന്ധന സ്റ്റേഷനിലെ വാർഷിക സ്റ്റാമ്പിംഗിനായി 8,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി.
സ്റ്റാമ്പിംഗ് നടപടികൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകുന്നതിനായി 2022-ൽ അന്നത്തെ ഡെപ്യൂട്ടി കൺട്രോളറായിരുന്ന അജിത്ത് കുമാർ 16,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ആദ്യ ഗഡുവായ 8,000 രൂപ കൈപ്പറ്റുന്നതിനിടെ തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു