ജോണ്‍ ബ്രിട്ടാസിനെ വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുത്ത് ഡല്‍ഹി പോലീസ്; ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രയില്‍
സിപിഎമ്മിന്റെ രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ ബലമായി കസ്റ്റഡിയില്‍ എടുത്ത് ഡല്‍ഹി പോലീസ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ഇടപെടല്‍ ഉണ്ടായത്. റോഡിലൂടെ വലിച്ചിഴച്ചാണ് എംപിയെ കൊണ്ടു പോയത്.
പോലീസ് വാഹനത്തിനുള്ളിലേക്ക് ബലമായി വലിച്ച് കയറ്റി. ഇതിനിടെ മര്‍ദ്ദനമേറ്റതായും എംപി ആരോപിച്ചു. കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയ ബ്രിട്ടാസിനെ പിന്നീട് പോലീസ് വഴിയിലിറക്കിവിട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഒരു എംപിയെ മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിക്കുകയാണ് ഡല്‍ഹി പോലീസ് ചെയതതെന്ന് സിപിഎം ആരോപിച്ചു.
ഡല്‍ഹി പോലീസിനെതിരെ രൂക്ഷമായ ഭാഷയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്. ‘ഡല്‍ഹി പോലീസിന് സുപ്രീം കോടതിയോടോ നിയമത്തോടോ യാതൊരു ബഹുമാനവുമില്ല. അവര്‍ വിചാരിക്കുന്നത് അവരാണ് സര്‍ക്കാരും പാര്‍ലമെന്റും സുപ്രീം കോടതിയുമെല്ലാമെന്നാണ്. പെണ്‍കുട്ടികളുടെ വസ്ത്രം വലിച്ചുകീറി വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള മൗലികാവകാശമുണ്ടെന്ന് സുപ്രീം കോടതി ഇപ്പോള്‍ പറഞ്ഞിട്ടേയുള്ളൂ. ഞങ്ങള്‍ സുപ്രീം കോടതിയെ വീണ്ടും സമീപിക്കും. ഡല്‍ഹി പോലീസാണോ അതോ ജനാധിപത്യ ഭരണകൂടമാണോ രാജ്യം ഭരിക്കുന്നത് എന്ന് തീരുമാനിക്കണം.’ -ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ഇതിനു പിന്നാലെയാണ് പോലീസ് ബലമായി എംപിയെ കസ്റ്റഡിയില്‍ എടുത്തത്.