Monday, 19 October 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard
Kerala

നെടുമ്പാശ്ശേരി വാഹനാപകടം: പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Keralapost
Keralapost
2026 October 14, Wednesday · 08:40 AM 0thGMT+0000 · വായനാ സമയം: 1 മിനിറ്റ്
pinarayi vijayan on nedumbassery accident
pinarayi vijayan on nedumbassery accident

തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും നടപടികളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്. ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ രൂക്ഷ വിമർശനമാണ് നടത്തിയത്. അപകടമുണ്ടാക്കിയ പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്നതടക്കമുള്ള ഗുരുതരമായ സംശയങ്ങൾ ഉയർന്നുവരുന്നതായി അദ്ദേഹം സഭയിൽ ആരോപിച്ചു.

പിണറായി വിജയൻ ചൂണ്ടി കാട്ടിയ കേസിലെ പോരായ്മകൾ

അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ട് രാവിലെ പത്ത് മണിക്ക് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യലഹരിയിൽ ലക്കുകെട്ട അവസ്ഥയിലായിരുന്ന പ്രതിയെ അപകടം നടന്നയുടൻ വൈദ്യപരിശോധനയ്ക്ക് അയക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. വൈദ്യപരിശോധന വൈകിച്ചത് കേസ് അട്ടിമറിക്കാനാണോ എന്ന സംശയം ജനങ്ങൾക്കിടയിലുണ്ട്.

ദുർബലമായ വകുപ്പുകളും ദുരൂഹതകളും

മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കുന്നവർക്കെതിരെ മോട്ടോർ വെഹിക്കിൾസ് ആക്ടിലെ 185-ാം വകുപ്പ് ചുമത്തേണ്ടതുണ്ടെങ്കിലും ഈ കേസിൽ പ്രസ്തുത വകുപ്പ് ചേർത്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതീയ ന്യായ സംഹിതയിലെ (BNS) 105-ാം വകുപ്പ് മാത്രമാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തിന്റെ അതീവ ഗൗരവത്തിന് അനുസരിച്ചുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ല.

പ്രതി കസ്റ്റഡിയിൽ ഉണ്ടായിരുന്നിട്ടും എഫ്.ഐ.ആറിലെ പ്രതിക്കോളത്തിൽ പേര് ചേർക്കാതിരുന്നത് വലിയ ദുരൂഹതയുണർത്തുന്നുണ്ട്. പ്രതിയെ മാറ്റാനുള്ള നീക്കങ്ങൾ നടന്നിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

എക്സൈസ് കേസും അലങ്കോലപ്പെടാൻ സാധ്യത

പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് മദ്യം വിറ്റതിന് മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് വകുപ്പ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഈ കേസ് കോടതിയിൽ നിലനിൽക്കണമെങ്കിൽ വാഹനം ഓടിച്ച പ്രതി മദ്യപിച്ചിരുന്നുവെന്ന് വൈദ്യപരിശോധനാ ഫലത്തിലൂടെ ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്. വൈദ്യപരിശോധനയിൽ മനഃപൂർവം വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ എക്സൈസ് രജിസ്റ്റർ ചെയ്ത കേസും അലങ്കോലപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രായപരിധി ചൂണ്ടിക്കാട്ടി ജുവനൈൽ സംരക്ഷണം നൽകുന്നതിനെതിരെ പൊതുസമൂഹത്തിൽ ശക്തമായ അമർഷമുണ്ട്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതും പ്രതിയുടെ പേര് രേഖപ്പെടുത്താതിരുന്നതും അടക്കമുള്ള മുഴുവൻ വീഴ്ചകളും ആഭ്യന്തര വകുപ്പ് അതീവ ഗൗരവത്തോടെ പരിശോധിച്ച് വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Keralapost
Keralapost
സീനിയർ റിപ്പോർട്ടർ