മൈസൂരുവിൽ സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു
മൈസൂരു: കർണാടകയിലെ മൈസൂരു പെരിയപട്ടണത്തിന് സമീപം സ്വകാര്യ എസി സ്ലീപ്പർ ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരണപെട്ടു . ഇതിൽ മൂന്ന് പേർ മലയാളികളാണ്. അപകടത്തിൽ 31 പേർക്ക് പരിക്കേറ്റു. ഇവരിൽ എട്ട് പേരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവറായ മൈസൂരു സ്വദേശി സുനിൽ, ക്ലീനർ സുഹൈൽ (മലയാളി), കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ് എന്നിവരാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
അപകടം പുലർച്ചെ 3:30-ഓടെ
ബംഗളൂരു കലശിപാളയത്ത് നിന്ന് കോഴിക്കോട്ടേക്ക് 36 യാത്രക്കാരുമായി പുറപ്പെട്ട ‘കാവേരി ട്രാവൽസ്’ ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഏകദേശം 3:30-ഓടെ പെരിയപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചായിരുന്നു സംഭവം. പെരിയപട്ടണത്തിൽ നിന്ന് മൈസൂരു ഭാഗത്തേക്ക് തടിയുമായി വരികയായിരുന്ന വലിയ ലോറിയുമായി ബസ് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ആഘാതത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു
എതിരെ വരികയായിരുന്ന ലോറി അപ്രതീക്ഷിതമായി റോഡിന്റെ മറുഭാഗത്തേക്ക് തിരിയുകയായിരുന്നു. ഇതാണ്അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂട്ടിയിടിയുടെ ശക്തമായ ആഘാതത്തിൽ ബസിന്റെ ക്യാബിൻ ഭാഗം പൂർണ്ണമായി തകർന്നു. ഡ്രൈവർ ക്യാബിന് സമീപം ഇരുന്നവരാണ് മരണപ്പെട്ടത്.
പരിക്കേറ്റവരുടെ നില
അപകടം നടന്നയുടൻ പരിക്കേറ്റവരെ പെരിയപട്ടണം താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് ഗുരുതരമായി പരിക്കേറ്റ എട്ടുപേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി മൈസൂരുവിലെ പ്രധാന ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ യാത്രക്കാരിൽ വയനാട് മേപ്പാടി സ്വദേശികളായ മൂന്ന് പേരെ ബന്ധുക്കളുടെ ആവശ്യപ്രകാരം വയനാട്ടിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തിൽ പെരിയപട്ടണം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.