മാസപ്പടി കേസ്: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി സമൻസ് പതിപ്പിച്ചു; അടുത്ത വെള്ളിയാഴ്ച ഹാജരാകാൻ നിർദ്ദേശം
തിരുവനന്തപുരം: സി എം ആർ എൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പിണറായി വിജയനോട് ആവശ്യപ്പെട്ട് ഇ ഡി. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വസതിയിലെത്തി ഇ.ഡി ഉദ്യോഗസ്ഥർ സമൻസ് പതിപ്പിച്ചു. മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)യുടെ ഈ നടപടി. അടുത്ത വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ ഇ.ഡി അന്വേഷണ സംഘം തപാൽ മാർഗ്ഗം സമൻസ് അയച്ചിരുന്നു. ഇതിന് തുടർച്ചയായാണ് ഇന്ന് നേരിട്ടെത്തിയ ഉദ്യോഗസ്ഥർ സമൻസ് കൈമാറാൻ ശ്രമിച്ചത്. ഈ സമയത്ത് പ്രതിപക്ഷ നേതാവോ കുടുംബാംഗങ്ങളോ വസതിയിൽ ഉണ്ടായിരുന്നില്ല. എന്നാൽ വീട്ടിൽ ഉണ്ടായിരുന്ന ജീവനക്കാരോ മറ്റുള്ളവരോ നോട്ടീസ് നേരിട്ട് കൈപ്പറ്റാൻ തയ്യാറായില്ല. തുടർന്ന് ഇ.ഡി സംഘം വസതിയുടെ പ്രവേശന കവാടത്തിലെ തൂണിൽ സമൻസ് ഔദ്യോഗികമായി പതിപ്പിക്കുകയായിരുന്നു.
വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) ഇ.ഡി എടുത്ത കേസിലാണ് ഈ നിർണായക നീക്കം. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നുമാണ് സി.പി.എം ആരോപിക്കുന്നത്. ഇ.ഡി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് തുടർനടപടികൾക്ക് സ്റ്റേ വാങ്ങാനുള്ള നിയോമപദേശങ്ങൾ തേടുകയാണ് പിണറായി വിജയൻ എന്നാണ് വിലയിരുത്തലുകൾ.
നിലവിൽ നിയമസഭാ സമ്മേളനവും മറ്റ് മുൻകൂട്ടി നിശ്ചയിച്ച ഭരണപരമായ പരിപാടികളും ഉള്ളതിനാൽ അടുത്ത വെള്ളിയാഴ്ച പിണറായി വിജയന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പകരം അഭിഭാഷകർ മുഖേന സമയം നീട്ടി ചോദിക്കാനോ കോടതി ഉത്തരവിലൂടെ നടപടികൾ തടയാനോ ആണ് സർക്കാർ തലത്തിലുള്ള നീക്കം.
ഇ.ഡി സംഘം മടങ്ങിയതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ബേക്കറി ജംഗ്ഷനിലെ വീട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പിണറായി വിജയനെതിരായ നടപടി രാഷ്ട്രീയ പ്രേരിതം ആണെന്നും, എവിടെയും ഒളിച്ചോടാൻ ഉള്ള ആളല്ല പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പറഞ്ഞു
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും (CMRL), എക്സാലോജിക് സൊല്യൂഷൻസ് എന്ന ഐടി കമ്പനിയും തമ്മിൽ നടന്നതായി ആരോപിക്കപ്പെടുന്ന അഴിമതി കേസ് ആണ് സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസ്. മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ആണ് എക്സാ ലോജിക് കമ്പനിയുടെ ഉടമ.
എക്സാലോജിക് കമ്പനി യാതൊരുവിധ ഐടി സേവനങ്ങളും നൽകാതെ തന്നെ സി.എം.ആർ.എൽ ഏകദേശം 2.78 കോടി മുതൽ 3.28 കോടി രൂപ വരെ നൽകിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) സംസ്ഥാന വിജിലൻസും ആരോപിക്കുന്നത്. ഈ പണം പിണറായി വിജയനും കുടുംബത്തിനും നൽകിയ അനധികൃത കൈക്കൂലിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ