മൂവാറ്റുപുഴയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
എറണാകുളം മൂവാറ്റുപുഴയിൽ 125 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. എറണാകുളം റെയിഞ്ച് ഡിഐജിയുടെ ഉത്തരവനുസരിച്ച് മൂവാറ്റുപുഴ ഡിവൈഎസ്പി കെ ആർ മനോജിന്റെ നേതൃത്വത്തിലുള്ള തൂഫാൻ ടീമും മൂവാറ്റുപുഴ ഫുഡ് സേഫ്റ്റി ഓഫീസറും ചേർന്ന് നടത്തിയ പരിശോധനയിലാണ്
മൂവാറ്റുപുഴ ബി.ഒ.സി ജംഗ്ഷനിൽ ആബിദ് ഇബ്രാഹിം നടത്തുന്ന മൈനർ ബേക്കറി എന്ന സ്ഥാപനത്തിൽ നിന്നും 125 പാക്കറ്റ് ഹാൻസ് പിടികൂടിയത്.
ഇയാൾക്കെതിരെ മുൻപും കോട്പ നിയമപ്രകാരം കേസെടുത്തിട്ടുള്ളതാണ്. സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തുന്നതിന് ഫുഡ് സേഫ്റ്റി ഓഫീസർ നോട്ടീസ് കൊടുത്തു.
സ്കൂൾ പരിസരങ്ങളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടോ എന്നറിയുന്നതിനായി സംയുക്തമായി നടത്തിയ പരിശോധനയായിരുന്നു.മൂവാറ്റുപുഴ സി ഐ എം.എസ് ഫൈസൽ,
ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർ ആർ.വി അഞ്ജന, സബ് ഇൻസ്പെക്ടർമാരായ സുബിൻ ബിജു , റോഷിനി, എ എസ്. ഐ അനസ്, എസ് സി പി ഒ വർഗീസ് ടി വേണാട്ട് , സി പി ഒ സിജാസ് എന്നിവരാണ് പരിശോധനയ്ക്ക് ഉണ്ടായിരുന്നത്. പരിശോധനകൾ തുടരും.